കരീം ബെൻസിമയുടെ അൽ ഇത്തിഹാദിനെതിരെ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ, 2023ലെ ഗോൾവേട്ടക്കാരിൽ മുന്നിലെത്തിയിരിക്കുകയാണ് അൽ നസറിന്റെ പോർച്ചുഗീസ് പോരാളി ക്രിസ്റ്റ്യാനോ റൊണാൾഡോ. കലണ്ടർ വർഷം 53 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. ഹാരി കെയ്ൻ (52), കിലിയൻ എംബാപ്പെ (52), എർലിങ് ഹാലണ്ട് (50) എന്നിവരെ മറികടന്നാണ് 38കാരൻ ചുള്ളൻ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
2022 ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ക്രിസ്റ്റ്യാനോയുടെ കാലം കഴിഞ്ഞെന്ന് വിലയിരുത്തിയവർക്കുള്ള ഉശിരൻ മറുപടി കൂടിയായി ഈ ‘ചെറുപ്പക്കാരന്റെ’ പ്രകടനം മാറുകയാണ്. അതേസമയം, അൽ ഇത്തിഹാദിനെതിരെ റൊണാൾഡോ (19, 68) ഗോൾ കണ്ടെത്തിയത് രണ്ട് പെനാൽറ്റികളിലൂടെ ആണെന്നതാണ് വിമർശകരുടെ പ്രധാന ആയുധം. റൊണാൾഡോയ്ക്ക് സൌദി പ്രോ ലീഗുകാർ പെനാൽറ്റിയുടെ രൂപത്തിൽ വെറുതേ ഗോളുകൾ സമ്മാനിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ വിമർശനം.
18 കളികളിൽ നിന്ന് 43 പോയിന്റുമായി ലൂയിസ് കാസ്‌ട്രോയുടെ ടീം ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയണ്. അൽ-ഹിലാലിന് ഏഴ് പിന്നിലാണ് റോണോയും സംഘവും. അൽ നസറിനായി സാദിയോ മാനെയും (75, 82) ഇരട്ട ഗോളുകൾ നേടി. ബ്രസീലിയൻ ഫോർവേഡ് ടലിസ്ക (38) ഒരു ഗോളും നേടി. അബ്ദ റസാക്ക് ഹംദല്ലയാണ് ഇത്തിഹാദിനായി ഇരട്ട ഗോളുകൾ നേടിയത്. ബെൻസിമ ഒരു മികച്ച ഗോളവസരം ഇന്നലെ തുലച്ചതും കാണികളെ നിരാശരാക്കി.
‘പെനാൾഡോ’ വിമർശനത്തിൽ കാര്യമുണ്ടോ?
ഒക്ടാവിയോയെ ബോക്സിൽ ഫൌൾ ചെയ്തതിനാണ് ആദ്യം അൽ നാസറിന് പെനാൽറ്റി ലഭിച്ചത്. 19ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽ നിന്ന് കിക്കെടുത്ത റൊണാൾഡോ 52 ഗോളുമായി കെയ്നിനും എംബാപ്പെയ്ക്കും ഒപ്പമെത്തുന്നു. 22ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഒരു തകർപ്പൻ ഷോട്ട് ബാറിൽ തട്ടി തെറിച്ചിരുന്നില്ലെങ്കിൽ താരം ഹാട്രിക് നേടിയേനെ. 11ാം മിനിറ്റിൽ റൊണാൾഡോ ഗോൾവല കുലുക്കിയിരുന്നു. പക്ഷേ റഫറി അത് ഓഫ്‌സൈഡ് വിളിച്ചു.
പിന്നീട് രണ്ടാം പകുതിയിൽ ഒക്ടാവിയോയെ മുഖത്ത് ചവിട്ടിയതിനാണ് അൽ അലാമിക്ക് രണ്ടാം പെനാൽറ്റി ലഭിച്ചത്. ഷോട്ട് എടുത്ത GOATന് പിഴച്ചില്ല. ടീമിന് നിർണായക ലീഡും അദ്ദേഹം സമ്മാനിച്ചു. 38കാരൻ ഇന്നലെ തന്റെ 29 പാസുകളിൽ 26ഉം 90% കൃത്യതയോടെ പൂർത്തിയാക്കി. അഞ്ച് ശ്രമങ്ങളിൽ നിന്ന് മൂന്ന് ഷോട്ടുകൾ ലക്ഷ്യത്തിലെത്തിക്കുകയും ഒരു വലിയ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.
റൊണാൾഡോയ്ക്ക് 2023ൽ ഇനി മത്സരമുണ്ടോ?
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ അസാധാരണമായ ഫോമിലാണ്. സൌദി പ്രോ ലീഗിൽ 24 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 11 അസിസ്റ്റുകളും താരം നൽകി. ഈ വർഷത്തെ അവസാന മത്സരത്തിൽ ഡിസംബർ 30ന് കിംഗ് അബ്ദുല്ല സ്‌പോർട് സിറ്റി സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോയുടെ അൽ ആലാമി പട അൽ താവൂണിനെ നേരിടും.
More Long Reads
- ഇന്ത്യൻ ശിക്ഷാനിയമത്തിൽ നിന്ന് ന്യായ സൻഹിതയിലേക്ക്: എന്താണ് പുതിയ മാറ്റങ്ങൾ, എന്തൊക്കെയാണ് ഒഴിവാക്കപ്പെട്ടത്
- കോൺഗ്രസ് പ്രതീക്ഷ ഇനി രാഹുലിന്‍റെ ഭാരത് ജോഡോ 2.0 യാത്രയിൽ, പ്രിയങ്ക പങ്കെടുക്കുമെന്നും പ്രത്യാശ
- നിലവിലെ ഭരണത്തിൽ, ‘ജനാധിപത്യം’ എന്ന വാക്കിന് പുതിയ നിർവ്വചനമുണ്ടെന്ന് ബിജെപി
- പ്രധാനമന്ത്രി മോദി ഒഴികെ മറ്റാരും ഒഴിച്ചു കൂടാനാവാത്തവരല്ല