അടുത്തിടെ ഐപിഎൽ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് വാർത്തകളിൽ നിറയുകയാണ്. ഇക്കഴിഞ്ഞ ജൂൺ മാസം രോഹിത് ശർമ്മയ്ക്ക് ശേഷമുള്ള ഒരു മുംബൈ ടീമിനെ സങ്കൽപ്പിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ടീം മാനേജ്മെന്റ് നേരിട്ട് അറിയിച്ചിരുന്നതാണ്. നവംബറിൽ ഹാർദ്ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തിയതും, പൊടുന്നനെ മുൻകാല ടീമിന്റെ നായകനായി അവരോധിക്കപ്പെട്ടതും വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.
രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ ടീമിനെ അൺഫോളോ ചെയ്ത് പ്രതിഷേധിച്ചത്. ടീമിനുള്ളിൽ പലതാരങ്ങൾക്കും മാനേജ്മെന്റ് തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ട് എന്ന തരത്തിൽ ഊഹാപോഹങ്ങളും ചർച്ചകളും ശക്തമാകുകയാണ്.
ഇന്ത്യയുടെ തകർപ്പൻ ലോകകപ്പ് പ്രകടനത്തിന് തൊട്ടുപിന്നാലെ രോഹിത് ശർമ്മയെ ക്യാപ്റ്റൻ പദവിയിൽ നിന്ന് നീക്കാൻ മുംബൈയ്ക്ക് എങ്ങനെ സാധിക്കും? അതുപോലെ തന്നെ ഭാവി ഇന്ത്യൻ ക്യാപ്റ്റനായ, ക്ലബ്ബിന് ആദ്യ സീസണിൽ തന്നെ കിരീടം സമ്മാനിക്കുകയും ചെയ്ത ഹാർദിക് പാണ്ഡ്യയെ കൈവിടാൻ ഗുജറാത്ത് ടൈറ്റൻസിന് സാധിച്ചത് എങ്ങനെയാണ്. എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ വർഷങ്ങളായി തുടരുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയ ഫോർമുല പിന്തുടരാൻ, മേൽപ്പറഞ്ഞ ഇരു ക്ലബ്ബുകൾക്കും സാധിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്?
എന്തുകൊണ്ടാണ് മുംബൈ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ചത്?
ഐപിഎല്ലിലെ തനത് നിലനിർത്തൽ നിയമമാണ് ബുദ്ധിമുട്ടേറിയ ഈ തീരുമാനമെടുക്കാൻ മുംബൈ ഇന്ത്യൻസിനെ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. മൂന്ന് വർഷം കൂടുമ്പോൾ നടക്കുന്ന മെഗാ ലേലത്തിന് മുമ്പുള്ള അവസാന സീസണാണ് 2024. 2025 വലിയ പ്രതിസന്ധിയുടെ വർഷമായിരിക്കും. ടീമുകൾ 2028 വരെ തുടരാൻ ആഗ്രഹിക്കുന്ന നാല് കളിക്കാരെ പട്ടികപ്പെടുത്തുന്ന സമയമായിരിക്കും അത്.
2020ൽ അഞ്ചാം ഐപിഎൽ കിരീടം നേടിയ ശേഷം മുംബൈ ഇന്ത്യൻസ് തകർച്ച നേരിട്ടിരുന്നു. അടുത്ത മൂന്ന് വർഷങ്ങളിലായി പോയിന്റ് പട്ടികയിൽ 5, 10, 4 സ്ഥാനങ്ങളിലാണ് മുംബൈ ഇന്ത്യൻസിന് എത്താനായത്. 36കാരനായ രോഹിതിനെ 2025ൽ അടുത്ത മൂന്ന് വർഷത്തേക്ക് നിലനിർത്തുകയെന്നത് അപകടകരമായ ഒരു നിർദ്ദേശമായിരുന്നു.
രോഹിത്തിന് ടി20യിൽ ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്നത് ശരി തന്നെ. വെടിക്കെട്ട് ഓപ്പണറായും ടീമിന്റെ ബുദ്ധികേന്ദ്രമായും അദ്ദേഹത്തിന് തുടരാനാകുമെന്നതിൽ സംശയം വേണ്ടതില്ല. വരും സീസണുകളെ മുന്നിൽക്കണ്ട് രോഹിത്ത് ക്യാപ്ടൻസിയിൽ നിന്നൊഴിഞ്ഞ് ടീമിനെ പിന്തുണയ്ക്കണമെന്നാണ് ക്ലബ്ബ് മാനേജ്മെന്റ് ആഗ്രഹിക്കുന്നത്.