പത്താം നമ്പർ ജേഴ്സിയണിഞ്ഞ് മൈതാനത്തേക്കിറങ്ങുന്ന ക്രിക്കറ്റിന്റെ ദൈവം പാഡഴിച്ചപ്പോൾ അദ്ദേഹത്തോടുള്ള ആദരവായി ബിസിസിഐ ചെയ്തത് ആ ജേഴ്സി നമ്പറിൽ മറ്റൊരു താരമുണ്ടാകില്ല എന്ന തീരുമാനമെടുക്കുകയായിരുന്നു. സമാനമായ ആദരവാണ് ഇപ്പോൾ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ്ങ് ധോണിക്കും ലഭിക്കുന്നത്.
സച്ചിന്റെ പത്താം നമ്പർ ജേഴ്സി പോലെ തന്നെ ഇനി ധോണിയുടെ ഏഴാം നമ്പറും മറ്റൊരു താരത്തിനും ഉപയോഗിക്കുവാൻ കഴിയില്ല. അന്തർ ദേശീയ മത്സരങ്ങളിൽ നിന്നും മൂന്ന് വർഷം മുമ്പാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായി വിശേഷിപ്പിക്കപ്പെടുന്ന ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോൾ ബിസിസിഐ ഇന്ത്യൻ താരങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം സച്ചിന്റെ പത്താം നമ്പറും ധോണിയുടെ ഏഴാം നമ്പറും ആരും ഉപയോഗിക്കരുത് എന്നുള്ളതാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക നിർദ്ദേശം വരുന്നതിന് മുമ്പ് തന്നെ താരങ്ങളാരും രണ്ട് നമ്പറുകളും ഉപയോഗിച്ചിരുന്നില്ല.
2017ൽ മുംബൈ ഫാസ്റ്റ് ബൗളർ ഷർദുൽ താക്കൂർ പത്താം നമ്പറിലെ ജേഴ്സിയിൽ മൈതാനത്തിറങ്ങിയത് വലിയ രീതിയിലുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. സച്ചിന് പിന്നാലെ ജേഴ്സി പിൻവലിച്ചുള്ള ആദരവ് ധോണിക്കും നൽകുമ്പോൾ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിനായി സംഭാവന ചെയ്ത നേട്ടങ്ങളാണ് ക്രിക്കറ്റ് ലോകത്തിൻറെ ഓർമ്മയിലേക്കെത്തുക.
ഐസിസി നിയമാവലി അനുസരിച്ച് താരങ്ങൾക്ക് ഒന്നിനും നൂറിനും ഇടയിലെ എത് നമ്പറും തങ്ങളുടെ ജേഴ്സിക്കായി തിരഞ്ഞെടുക്കാം. എന്നാൽ ബിസിസിഐ നിയമത്തിൽ അത് വ്യത്യസ്തമാണ്. 60 ഓഡ് നമ്പറുകളാണ് ഇന്ത്യൻ താരങ്ങളുടെ ജേഴ്സിക്കായി അനുവദിച്ചിരിക്കുന്നത്. ഇതിൽ തന്നെ ഒരു താരം ഉപയോഗിച്ച നമ്പർ അദ്ദേഹം ടീമിൽ നിന്നും കുറച്ചുകാലം മാറിനിന്നതിന്റെ പേരിൽ മറ്റൊരാൾക്ക് പെട്ടെന്ന് തന്നെ അനുവദിച്ച് കൊടുക്കുന്ന പതിവില്ലെന്നും ബിസിസിഐ അധികൃതർ വ്യക്തമാക്കുന്നു.
ജേഴ്സി നമ്പറുകളിൽ ഭാഗ്യമുണ്ടെന്ന് വിശ്വസിക്കുന്ന പല കളിക്കാരും ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുമുണ്ട്. നിലവിലെ വെടിക്കെട്ട് ബാറ്റർ ശുഭ്മൻ ഗിൽ തന്റെ ഭാഗ്യ നമ്പറായി കാണുന്നത് ഏഴാം നമ്പറാണ്. എന്നാൽ അത് ലഭിക്കില്ലെന്ന തിരിച്ചറിവിൽ ഗിൽ തന്റെ ജേഴ്സിക്കായി തിരഞ്ഞെടുത്തത് 77 എന്ന നമ്പറാണ്. ടീമിലെ പുതുമുഖ ഓപ്പണർ യശസ്വി ജയ്സ്വാൾ താൻ ബാറ്റിംഗിൽ താളം കണ്ടെത്തിയ രാജസ്ഥാന്റെ 19 എന്ന ജേഴ്സി നമ്പറാണ് ദേശീയ ടീമിലേക്കെത്തിയപ്പോഴും തിരഞ്ഞെടുത്തത്.
ക്രിക്കറ്റിൽ മാത്രമല്ല ലെജൻഡ്സിനായി ജേഴ്സി പിൻവലിച്ചുള്ള ആദരവ് മുമ്പ് ഉണ്ടായിട്ടുള്ളത്. തങ്ങളുടെ എക്കാലത്തേയും മികച്ച കളിക്കാരനായ ഡിയഗോ മറഡോണയുടെ ജേഴ്സി നമ്പറായ പത്ത് അദ്ദേഹത്തിന്റെ ക്ലബ്ബായ നാപ്പോളി ഇതുവരെയും മറ്റാർക്കും നൽകിയിട്ടില്ല. ചിക്കാഗോ ബുൾസ് തങ്ങളുടെ ഇതിഹാസ കളിക്കാരനായ ബാസ്ക്കറ്റ് ബോളർ മൈക്കിൾ ജോർദാന്റെ ജേഴ്സിയായ 23 എന്ന നമ്പറും ആർക്കും നൽകിയിട്ടില്ല. ജേഴ്സി പിൻവലിച്ചുള്ള ആദരവുകളിലൂടെ ഒരോ കായിക മേഖലകളിലേയും പ്രതിഭകൾക്ക് തുല്യം അവർ മാത്രമാണെന്ന സന്ദേശമാണ് പുതുതലമുറയിലെ താരങ്ങൾക്ക് നൽകുന്നത്.
Read More Sports Stories Here
- ബ്ലാസ്റ്റേഴ്സിന് ഇരട്ട ആഘാതം; ഇന്ന് അഗ്നിപരീക്ഷ
- ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; പട്ടികയിൽ വമ്പൻ സ്രാവുകൾ
- സ്വന്തം ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി
- ക്വാർട്ടറിൽ ചിറകറ്റ് വീണു കേരളം; സഞ്ജുവിന്റെ അഭാവത്തിൽ ഞെട്ടിക്കുന്ന തോല്‍വി
- പാർലമെന്റ് അതിക്രമ കേസിലെ മുഖ്യ സൂത്രധാരൻ കീഴടങ്ങി; ഫോട്ടോയെ ചൊല്ലി ബിജെപി-തൃണമൂൽ വാക്പോര്
- ഒരാളെ ഏതറ്റം ലൈംഗികമായി പീഡിപ്പിക്കാമോ അത്രയൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്, നീതി പ്രതീക്ഷിക്കുന്നില്ല, മരിക്കാൻ അനുവദിക്കണം; യുവജഡ്ജിന്റെ ഹൃദയഭേദകമായ കത്ത്