കഴിഞ്ഞ ദിവസമാണ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കളത്തിൽ ഗൌതം ഗംഭീറും മലയാളി താരം എസ് ശ്രീശാന്തും തമ്മിൽ വാക്കേറ്റമുണ്ടായത്. തന്നെ വാതുവെപ്പുകാരനെന്ന് വിളിച്ച് അപമാനിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു ഇന്നലെ ശ്രീശാന്ത് ഇതിനോട് പ്രതികരിച്ചത്. അതേസമയം, ഇൻസ്റ്റഗ്രാമിൽ തന്നെ കളിയാക്കി പോസ്റ്റിട്ട ഗംഭീറിന് തക്കതായ മറുപടി നൽകിയിരിക്കുകയാണ് മലയാളി താരം.
“ലോകം മുഴുവൻ ശ്രദ്ധ ലഭിക്കാൻ വേണ്ടി നടക്കുമ്പോൾ, നിങ്ങൾ പുഞ്ചിരിക്കൂ,” എന്നായിരുന്നു ഗംഭീരിന്റെ പ്രതികരണം. ഇതിന് താഴെ ഗംഭീറിനെ പിന്തുണച്ച് ഇർഫാൻ പത്താനും രംഗത്തെത്തി. മികച്ച മറുപടിയാണിതെന്ന് പത്താൻ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഗംഭീറിന്റെ പോസ്റ്റിന് താഴെ നീണ്ടൊരു കുറിപ്പിലൂടെ രൂക്ഷവിമർശനം നടത്തി ശ്രീശാന്ത് തിരിച്ചടിച്ചത്.
“നിങ്ങൾ ഒരു കായിക താരത്തിന്റെയും സഹോദരന്റെയും എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. എല്ലാറ്റിനുമുപരിയായി നിങ്ങളൊരു ജനപ്രതിനിധിയല്ലേ? എന്നിട്ടും, നിങ്ങൾ എല്ലാ ക്രിക്കറ്റ് താരങ്ങളുമായും കലഹങ്ങളിൽ ഏർപ്പെടുന്നത് തുടരുകയാണ്. നിങ്ങൾക്ക് എന്ത് പറ്റി? ഞാൻ ചെയ്‌തത് പുഞ്ചിരിക്കുകയും നോക്കുകയും മാത്രമാണ്, നിങ്ങളാകട്ടെ എന്നെ ഒരു വാതുവെപ്പുകാരനെന്നാണ് മുദ്രകുത്തിയത്? സീരിയസ്ലി?
താങ്കൾ സുപ്രീം കോടതിക്ക് മുകളിലാണോ? അങ്ങനെ സംസാരിക്കാനും ഇഷ്ടമുള്ളത് പറയാനും നിങ്ങൾക്ക് അധികാരമില്ല. നിങ്ങൾ അമ്പയർമാരെ വാക്കാൽ അധിക്ഷേപിച്ചു. എന്നിട്ടും നിങ്ങൾ പുഞ്ചിരിക്കുന്നതിനെ കുറിച്ചാണോ സംസാരിക്കുന്നത്? നിങ്ങളെ പിന്തുണച്ചവരോട് ഒരു തരത്തിലുള്ള ബഹുമാനവും ഇല്ലാത്ത അഹങ്കാരിയും, തീർത്തും നിലവാരത്തകർച്ച നേരിടുന്ന വ്യക്തിയുമാണ് നിങ്ങൾ. ഇന്നലെ വരെ നിങ്ങളോടും കുടുംബത്തോടും എനിക്ക് ബഹുമാനമായിരുന്നു.
നിങ്ങൾ ഫിക്സർ എന്ന അപകീർത്തികരമായ പദം ഒരു തവണയല്ല, ഏഴോ എട്ടോ തവണ ഉപയോഗിച്ചു. എന്നെ പ്രകോപിപ്പിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ട് അമ്പയർമാർക്കും എനിക്കും നേരെ “ഫക്ക് ഓഫ്” എന്ന വാക്കും ഉപയോഗിച്ചു. ഞാൻ സഹിച്ചത് അനുഭവിച്ചവർ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങൾ പറഞ്ഞതും ചെയ്തതും തെറ്റാണെന്ന് നിങ്ങൾക്കറിയാം. ദൈവം പോലും നിങ്ങളോട് ക്ഷമിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനു ശേഷം നിങ്ങൾ ഫീൽഡിൽ പോലും വന്നില്ലല്ലോ.. എല്ലാം ദൈവം കാണുന്നുണ്ട്,” ശ്രീശാന്ത് തിരിച്ചടിച്ചു.
ശ്രീശാന്തിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംഘാടകരായ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്ക് ഓഡിയോയിൽ നിങ്ങളെന്താണ് പറയുന്നതെന്ന് ശ്രീശാന്ത് ചോദിക്കുന്ന ശബ്ദം പതിഞ്ഞിട്ടുണ്ട്. എന്നാൽ, ഗംഭീറിന്റെ ശബ്ദം അത്ര വ്യക്തമല്ല.
Read More Sports Stories Here
- “ഗംഭീർ എന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചു”; ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തൽ വീഡിയോ
- സഞ്ജുവിന്റെ സെഞ്ചുറി പാഴായിട്ടില്ല; കേരളത്തിന് ഇനിയും വിജയ് ഹസാരെ ട്രോഫി നേടാം
- കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി അനുഷ്ക; വൈറൽ ചിത്രങ്ങൾ കാണാം
- സൂര്യയല്ല, ടി20യിൽ അമ്പരപ്പിക്കുന്ന കുതിപ്പുമായി ഈ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- “ഗംഭീർ പറയാൻ പാടില്ലാത്തത് പറഞ്ഞു”; മുൻ സഹതാരത്തിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്