ടീമിൽ നിന്ന് ഒഴിവാക്കുന്നുവെന്ന വിമർശനങ്ങൾക്കിടെ മലയാളി താരം സഞ്ജു സാംസണുമായി സംസാരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. മലയാളി താരത്തിന് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്ന മറുപടിയാണ് അദ്ദേഹം ദേശീയ മാധ്യമങ്ങൾക്ക് നൽകിയത്.
ഓസ്ട്രേലിയക്കെതിരായ മത്സരങ്ങൾക്കുള്ള ടീം തിരഞ്ഞെടുപ്പിന് മുമ്പായി സഞ്ജു സാംസണുമായി സംസാരിച്ചിരുന്നുവെന്നാണ് അഗാർക്കർ വെളിപ്പെടുത്തുന്നത്. മുംബൈയിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച. നൂറല്ല, ഇരുനൂറ് ശതമാനവും സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്നും, വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ താരത്തെ പരിഗണിക്കുമെന്നും അഗാർക്കർ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ പര്യടനത്തിൽ ചില യുവതാരങ്ങളെ പരീക്ഷിക്കാനാണ് ശ്രമം നടത്തിയതെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഫിറ്റ്നസ് നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ അഗാര്‍ക്കറിന് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്റും സഞ്ജുവിനോടു ആവശ്യപ്പെട്ടെന്നാണ് വിവരം.
നിലവിൽ വിജയ് ഹസാരെ ടൂർണമെന്റിൽ കേരള ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. ഇന്നലെ സീസണിലെ ആദ്യ മത്സരത്തിൽ കേരളം മൂന്ന് വിക്കറ്റിന് സൌരാഷ്ട്രയെ തോൽപ്പിച്ചു. സൌരാഷ്ട്ര ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 47.4 ഓവറിൽ മറികടന്നു. സഞ്ജു 30 റൺസെടുത്തിരുന്നു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനായി മികച്ച ഇന്നിംഗ്സുകള്‍ കളിക്കാനായാല്‍ സഞ്ജുവിന് അനായാസം ദേശീയ ടീമിലേക്ക് മടങ്ങിയെത്താം.
അതേസമയം, രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ടി20 മത്സരത്തിന് മുന്നോടിയായി വൈകിട്ട് 6.30ഓടെയാണ് കളിക്കാർ എത്തുക. വിശാഖ പട്ടണത്ത് നിന്ന് പ്രത്യേക വിമാനത്തിലാണ് ടീമുകൾ പുറപ്പെടുന്നത്. ഇരു ടീമുകളും നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.