ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്ക് നാളെ വിശാഖപട്ടണത്ത് തുടക്കമാകുകയാണ്. നാളെ വൈകിട്ട് ഏഴ് മണിക്കാണ് പോരാട്ടത്തിന് തുടക്കമാകുന്നത്. ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് നേരിട്ട തോൽവിക്ക് കണക്ക് ചോദിക്കാമെന്ന കണക്കുകൂട്ടലുകളിലാണ് ടീം ഇന്ത്യ. ലോകകപ്പിന് ശേഷം നടക്കുന്ന പരമ്പരയിൽ നിന്ന് സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം നൽകിയിരിക്കുകയാണ്.
ഇന്ത്യയുടെ ടി20 നായകനായ ഹാർദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനാൽ സൂര്യകുമാർ യാദവിനെയാണ് നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പിൽ കാര്യമായി തിളങ്ങാൻ പോലുമാകാതിരുന്ന സൂര്യയെ ക്യാപ്റ്റനാക്കിയതിനെതിരെ വ്യാപകമായ വിമർശനമാണ് മലയാളി ആരാധകരിൽ നിന്നും ഉയരുന്നത്. ശശി തരൂർ എംപിയാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന് ബിസിസിഐ സെലക്ടർമാർ മറുപടി പറയാൻ ബാധ്യസ്ഥരാണെന്നാണ് ശശി തരൂരിന്റെ വിമർശനം.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായി തിളങ്ങിയിട്ടുള്ള സഞ്ജു സാംസൺ ഉണ്ടായിരിക്കെ, ക്യാപ്റ്റൻസിയിൽ മുൻപരിചയം ലവലേശമില്ലാത്ത സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കുന്നത് എന്തിനാണെന്നാണ് തരൂർ ചോദിക്കുന്നത്. “ഇതൊരിക്കലും ന്യായീകരിക്കാവുന്നതല്ല. സഞ്ജു സാംസണെ ടീമിൽ എടുത്തില്ലെന്ന് മാത്രമല്ല, സീനിയർ താരങ്ങളുടെ അഭാവത്തിൽ ക്യാപ്റ്റനാക്കുന്നതിലും വീഴ്ച വരുത്തിയിരിക്കുകയാണ്. കേരള രഞ്ജി ടീമിലേയും രാജസ്ഥാൻ റോയൽസിലേയും സഞ്ജുവിന്റെ ക്യാപ്റ്റൻസി പരിചയസമ്പത്ത് നിലവിലെ ക്യാപ്റ്റനായ സൂര്യകുമാർ യാദവിനേക്കാൾ കൂടുതലാണ്. നമ്മുടെ സെലക്ടർമാർ ക്രിക്കറ്റ് പ്രേമികളായ പൊതുജനങ്ങളോട് ഇക്കാര്യത്തിൽ വിശദീകരണം നൽകണം. അതോടൊപ്പം എന്തുകൊണ്ടാണ് യുസ്വേന്ദ്ര ചഹലിനെയും ടീമിലെടുക്കാത്തത്?,” തരൂർ എക്സിൽ കുറിച്ചു.
സഞ്ജു കളിച്ച അവസാന അഞ്ച് ഇന്നിംഗ്സുകളിൽ രണ്ട് വെടിക്കെട്ട് ഫിഫ്റ്റികൾ നേടിയിരുന്നു. അയർലൻഡിനെതിരായ അവസാന ടി20യിൽ 26 പന്തിൽ നിന്ന് 40 റൺസാണ് മലയാളി താരം നേടിയത്. ലോകകപ്പ് അടുത്തപ്പോൾ ഏകദിന ടീമിൽ നിന്ന് സഞ്ജുവിനെ പുറത്താക്കുകയായിരുന്നു. ഇപ്പോൾ ടി20 ലോകകപ്പ് വരാനിരിക്കെ ടി20 ടീമിൽ നിന്നും തഴയുകയാണെന്നും തരൂർ മറ്റൊരു ട്വീറ്റ് പങ്കുവച്ച് കൊണ്ട് ചൂണ്ടിക്കാട്ടി.
Read More Sports Stories Here
- നൊസ്റ്റാൾജിയ ഉണർത്തുന്ന റീബോക്കും ബ്രിട്ടാനിയയും; ബാറ്റിൽ നിന്ന് കോടികൾ വാരി താരങ്ങൾ
- ഷമിയെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് മോദി; തിരിച്ചുവരുമെന്ന് പ്രിയതാരം
- ലോകകപ്പില്‍ കാല്‍ കയറ്റി വച്ച് മിച്ചല്‍ മാര്‍ഷ്, അല്‍പ്പം ബഹുമാനമാവാം എന്ന് ക്രിക്കറ്റ് പ്രേമികള്‍
- കൈവിട്ടു പോയ കപ്പിന് പകരം കൈവരുന്ന കോടികള്‍; ഇന്ത്യന്‍ ടീമിന്‍റെ ലോകകപ്പ് സമ്പാദ്യം ഇങ്ങനെ