ഏകദിന ക്രിക്കറ്റിലെ ആദ്യ 50ാമത് സെഞ്ചുറി നേടി, ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സാക്ഷാല്‍ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് വിരാട് കോഹ്ലി. ഇന്ന് 106 പന്തിലായിരുന്നു വിരാടിന്റെ സെഞ്ചുറി നേട്ടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ ഗ്യാലറിയിൽ വിരാടിന്റെ ലോക റെക്കോഡ് നേട്ടം കാണാൻ സച്ചിൻ ടെണ്ടുൽക്കർ തന്നെ നേരിട്ടെത്തിയിരുന്നു. എണീറ്റ് നിന്ന് കരഘോഷത്തോടെയാണ് സച്ചിൻ കോഹ്ലിയുടെ ഈ അപൂർവ്വ നേട്ടത്തെ ആഘോഷമാക്കിയത്.
നടി അനുഷ്ക ശർമ്മയും ഭർത്താവിന്റെ നേട്ടം ഗ്യാലറിയിരുന്ന് ആസ്വദിക്കുന്നുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മുൻ മത്സരത്തിൽ ഏകദിന ക്രിക്കറ്റ് കരിയറിലെ 49ാം സെഞ്ചുറി നേടിയ കോഹ്ലി, സച്ചിന്റെ സ്വപ്നതുല്യമായ റെക്കോഡ് നേട്ടത്തിനൊപ്പം എത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിക്കരികിൽ കോഹ്ലി പുറത്തായിരുന്നു.
അതേസമയം, ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനക്കാരനായും കോഹ്ലി ഇന്ന് മാറി. സച്ചിൻ ടെണ്ടുൽക്കർ 18,426 റൺസ് (452 ഇന്നിംഗ്സ്), കുമാർ സംഗക്കാര 14234 റൺസ് (380 ഇന്നിംഗ്സ്) എന്നിവർ മാത്രമാണ് ഇനി ഏകദിന റൺവേട്ടയിൽ കോഹ്ലിക്ക് മുമ്പിലുള്ളത്. 279 ഇന്നിംഗ്സുകളിൽ നിന്ന് 13,705 റൺസ് നേടിയപ്പോഴാണ് കോഹ്ലി, ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനെ (13,704 റൺസ്) മറികടന്നത്.
ഒരു ഏകദിന ലോകകപ്പിൽ ഏറ്റവുമധികം ഫിഫ്റ്റികൾ നേടുന്ന താരമെന്ന അപൂർവ്വ റെക്കോഡിനും വിരാട് കോഹ്ലി ഇന്ന് ഉടമയായി. ഏഴ് ഫിഫ്റ്റികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡാണ് കോഹ്ലി കടപുഴക്കിയത്. ഈ ലോകകപ്പിൽ എട്ടാം തവണയാണ് താരം അർധസെഞ്ചുറി മറികടക്കുന്നത്. ഇതോടെ ആറ് അർധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളുമാണ് കോഹ്ലി 2023 ഏകദിന ലോകകപ്പിൽ സ്വന്തമാക്കിയത്.
ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനെന്ന നേട്ടവും ഇപ്പോൾ വിരാടിന്റെ പോക്കറ്റിലാണ്. ഈ ലോകകപ്പിൽ ആദ്യമായി 600 കടന്ന താരമെന്ന ബഹുമതിയും കോഹ്ലിക്ക് സ്വന്തമായി. രണ്ടാം സ്ഥാനത്തുള്ള ക്വിന്റൺ ഡീകോക്കിന് 591 റൺസാണ് സ്വന്തമായുള്ളത്. 117 റൺസെടുത്ത കോഹ്ലിയെ ടി സൌത്തിയുടെ പന്തിൽ ഡെവോൺ കോൺവേ ക്യാച്ചെടുത്ത് പുറത്താക്കി.
പുറത്തായി പലവലിയനിലേക്ക് മടങ്ങുംവഴി മുഴുവൻ വാംഖഡെ സ്റ്റേഡിയവും എഴുന്നേറ്റ് നിന്നാണ് കോഹ്ലിയെ അഭിനന്ദിച്ചത്. കോഹ്ലിയുടെ കരിയറിലെ അപൂർവ്വ ബഹുമതിയായി ഈ അമ്പതാം സെഞ്ചുറിനേട്ടത്തെ വിലയിരുത്തപ്പെടും.