മുംബൈ: ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെ നേരിടാൻ തയ്യാറെടുക്കും മുന്നോടിയായി ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് സിറാജിന് തിരിച്ചടി. ബൌളർമാരിൽ ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ ഒന്നാമതായിരുന്ന സിറാജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ സ്പിൻ മജീഷ്യനായ കേശവ് മഹാരാജ് ഒന്നാം സ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ്. ഇന്ത്യൻ പേസറേക്കാൾ മൂന്ന് പോയിന്റിന് മുന്നിലാണ് പ്രോട്ടീസ് സ്പിന്നർ ഇപ്പോഴുള്ളത്. സിറാജിന് 723ഉം മഹാരാജിന് 726ഉം പോയിന്റാണ് നിലവിലുള്ളത്.
33കാരനായ ഇന്ത്യൻ വംശജനായ കേശവ് മഹാരാജാണ് ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ടോപ് ത്രീ വിക്കറ്റർ. 14 വിക്കറ്റുകളാണ് താരം ഈ ലോകകപ്പിൽ ഇതേവരെ നേടിയത്. 4.37 എക്കണോമിയിൽ ഒരു ഇന്നിംഗ്സിൽ 24.71 ആവറേജോടെയാണ് താരം വിക്കറ്റുകൾ കൊയ്യുന്നത്. പൂനെയിൽ ന്യൂസിലൻഡിനെതിരെ 4/46 ആണ് കേശവിന്റെ ഈ ലോകകപ്പിലെ ബെസ്റ്റ് പെർഫോമൻസ്.
ഇന്ത്യയ്ക്കെതിരായ കൊൽക്കത്ത മാച്ചിൽ പത്തോവറിൽ വെറും 30 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റെടുക്കാനും, ഇന്ത്യയുടെ ഫോമിലുള്ള ബാറ്റർമാരെ കുഴക്കാനും അദ്ദേഹത്തിനായിരുന്നു. ഓസീസ് സ്പിന്നർ ആദം സാമ്പയാണ് 695 പോയിന്റുമായി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് തുടരുന്നത്.
മറുവശത്ത്, ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 28.83 ശരാശരിയിലും 5.20 എക്കണോമിയിലും 12 വിക്കറ്റുകൾ വീഴ്ത്തിയ സിറാജും മികച്ച ഫോമിലാണ്. ടീമിൽ അദ്ദേഹത്തിന്റെ ന്യൂബോൾ പാർട്ണറായ ജസ്പ്രീത് ബുംറയും രണ്ട് സ്ഥാനങ്ങൾ മുന്നേറി, ഐസിസി റാങ്കിങ്ങിൽ 687 റേറ്റിങ് പോയിന്റുമായി നാലാം സ്ഥാനത്താണ്. മറുവശത്ത്, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവും രണ്ട് സ്ഥാനങ്ങൾ കയറി ഇപ്പോൾ 682 റേറ്റിംഗുമായി അഞ്ചാം സ്ഥാനത്തെത്തിയിട്ടുണ്ട്.
Here are the latest updated ICC ODI batting and bowling rankings.
▶️ Keshav Maharaj is the new No.1 ODI bowler.
▶️ Shubman Gill remains at the top in the latest ICC ODI batting rankings. pic.twitter.com/fLf0KG4RE7
— CricTracker (@Cricketracker) November 14, 2023
അതേസമയം, ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ യുവരാജാവായ ശുഭ്മൻ ഗിൽ (832) ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് പാക് നായകൻ ബാബർ അസം (824) തുടരുന്നുണ്ട്. അതേസമയം, ഇന്ത്യൻ സൂപ്പർ സ്റ്റാർ വിരാട് കോഹ്ലിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി (772) ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡീകോക്ക് മൂന്നാം സ്ഥാനത്തേക്ക് കയറി. അഞ്ചാം സ്ഥാനത്ത് ഇന്ത്യൻ നായകൻ രോഹിത്ത് ശർമ്മ (760) തന്നെയാണ് തുടരുന്നത്.