ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് പാക്കിസ്ഥാന് എന്നും അഭിമാന പ്രശ്നമാണ്. അത് ലോകകപ്പ് കൂടിയാകുമ്പോൾ പിന്നെ പ്രത്യേകിച്ച് പറയണോ? ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ഈഡൻ ഗാർഡൻസിൽ കടുത്ത സമ്മർദ്ദത്തോട് കൂടി തന്നെയാണ് പാക്കിസ്ഥാൻ ശനിയാഴ്ച ഇംഗ്ലണ്ടിനെ നേരിടാനെത്തിയത്. എന്നാൽ തുടക്കം തന്നെ തിരിച്ചടിയാണ് ബാബർ അസം നേരിട്ടത്.
ഇംഗ്ലണ്ടിനെതിരെ പാക് നായകന്‍ ബാബർ അസമിന് ടോസ് വിജയിക്കാനായില്ല. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട് ലർ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ ഏറ്റവും കുറഞ്ഞത് 101 റണ്‍സിനെങ്കിലും പുറത്താക്കി 283 പന്തുകള്‍ ബാക്കിനില്‍ക്കെ ജയിച്ചാലേ പാകിസ്താന് ഇനി രക്ഷയുണ്ടായിരുന്നുള്ളൂ. അതായത് ഇംഗ്ലണ്ട് നേടുന്ന സ്‌കോര്‍ ഏതായാലും 2.5 ഓവറില്‍ എങ്കിലും ചേസ് ചെയ്യണമെന്ന സാഹചര്യമാണ് പാക്കിസ്ഥാന് മുന്നിലുണ്ടായിരുന്നത്.
എന്നാൽ, പാക്കിസ്ഥാന്റെ പ്രതീക്ഷകളെല്ലാം തകർത്ത് ഇംഗ്ലീഷ് ഓപ്പണർമാർ ഒന്നാം വിക്കറ്റിൽ 82 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 13.3 ഓവറിൽ ഡേവിഡ് മലനെ ഇഫ്ത്തിക്കാർ അഹമ്മദ് റിസ് വാന്റെ കയ്യിലെത്തിക്കുമ്പോഴേക്കും പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകൾ ഏതാണ്ട് പൂർണമായും അവസാനിച്ചിരുന്നു.
ഇതോടെ ഞായറാഴ്ച നവംബർ 15ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി ഞായറാഴ്ച നെതർലൻഡ്സിനെതിരെ ഒരു ലീഗ് മാച്ച് കൂടി ഇന്ത്യ കളിക്കും.
Read More Sports News Here