അന്താരാഷ്ട്ര ക്രിക്കറ്റിൽ 49ാമത്തെ ഏകദിന സെഞ്ചുറി കൈയെത്തും ദൂരത്ത് കൈവിട്ട് വിരാട് കോഹ്ലി. സെഞ്ചുറിക്ക് 12 റൺസകലെ വച്ച് അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്. 32ാമത്തെ ഓവറിലെ മൂന്നാം പന്തിൽ ലങ്കൻ സ്റ്റാർ പേസർ ദിൽഷൻ മധുശങ്കയാണ് കോഹ്ലിയെ പുറത്താക്കിയത്. പതും നിസംഗ സമർത്ഥമായൊരു ക്യാച്ചിലൂടെയാണ് കിങ് കോഹ്ലിയെ പവലിയനിലേക്ക് മടക്കിയയച്ചത്.
49 ഏകദിന സെഞ്ചുറികളെന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡിനൊപ്പം എത്താനുള്ള അവസരമാണ് കോഹ്ലി ഇന്ന് കൈവിട്ടത്. പുറത്തായ ശേഷം പവലിയനിൽ നിരാശനായി നിൽക്കുന്ന കോഹ്ലിയെ കാണാമായിരുന്നു. ഇന്ന് 94 പന്തിൽ നിന്നാണ് കോഹ്ലി 88 റൺസെടുത്തത്. 11 ഫോറുകളും ഈ ഇന്നിംഗ്സിൽ പിറന്നു. മുപ്പതാം ഓവറിലെ അവസാന പന്തിൽ ശുഭ്മാൻ ഗിൽ പുറത്തായതിന് തൊട്ടുപിന്നാലെയാണ് കോഹ്ലിയും പുറത്തായത്.
അതേസമയം, 92 പന്തിൽ നിന്ന് 92 റൺസെടുത്ത ശുഭ്മൻ ഗില്ലിന്റെ പുറത്താകലും വാംഖഡെയിൽ തിങ്ങിനിറഞ്ഞ ഇന്ത്യൻ ആരാധകർക്ക് വലിയ നിരാശയേകി. ദിൽഷൻ മധുശങ്കയുടെ പന്തിൽ കുശാൽ മെൻഡിസിന് ക്യാച്ച് സമ്മാനിച്ചാണ് ഗിൽ മടങ്ങിയത്. നേരത്തെ ഇന്നിംഗ്സിലെ രണ്ടാം പന്തിൽ ഹിറ്റ്മാൻ രോഹിത്ത് ശർമ്മയുടെ കുറ്റി തെറിപ്പിച്ചാണ് മധുശങ്ക വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
21 റൺസെടുത്ത കെഎൽ രാഹുലിനെ ദുഷ്മന്ത ചമീരയാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ അനായാസമായാണ് ലങ്കൻ ബൌളർമാരെ നേരിട്ടത്. മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൌണ്ടിൽ രോഹിത് ശർമ്മയും (4), സൂര്യകുമാർ യാദവും കാണികളെ നിരാശപ്പെടുത്തി.