ഏകദിന ക്രിക്കറ്റിലെ അതിവേഗം 100 വിക്കറ്റ് നേട്ടം കൊയ്യുന്ന പന്തേറുകാരനായി പാക്കിസ്ഥാന്റെ സൂപ്പർ താരം ഷഹീൻ ഷാ അഫ്രീദി. ഏകദിന ക്രിക്കറ്റിൽ പുതുചരിത്രമാണ് ഇന്ന് 23കാരൻ ഇന്ന് രചിച്ചത്. വെറും 51 മത്സരങ്ങളിൽ നിന്നാണ് ഏകദിന ക്രിക്കറ്റിൽ നൂറ് വിക്കറ്റെന്ന നാഴികക്കല്ല് പാക് യുവതാരം പിന്നിട്ടത്.
ഇതുവരെ ഏറ്റവും വേഗത്തിലുള്ള ഏകദിന ക്രിക്കറ്റിലെ 100 വിക്കറ്റ് നേട്ടം ഓസ്ട്രേലിയൻ ഫാസ്റ്റ് ബൌളർ മിച്ചൽ സ്റ്റാർക്കിന്റെ പേരിലായിരുന്നു. 52 മത്സരങ്ങളിൽ നിന്നാണ് സ്റ്റാർക്ക് 100 വിക്കറ്റുകൾ എറിഞ്ഞിട്ടത്. മൂന്നാം സ്ഥാനത്ത് മുൻ ന്യൂസിലൻഡ് പേസർ ഷെയ്ൻ ബോണ്ട് ആണുള്ളത്.
54 മത്സരങ്ങളിൽ നിന്നാണ് ബോണ്ടിന്റെ സെഞ്ചുറി വിക്കറ്റ് നേട്ടം പിറന്നത്. ഇത്രയും മത്സരങ്ങളിൽ നിന്ന് തന്നെ 100 വിക്കറ്റെടുത്ത ബംഗ്ലാദേശിന്റെ പേസർ മുസ്തഫിസുർ റഹ്മാൻ നാലാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ തന്നെ ഫാസ്റ്റ് ബൌളറായ ബ്രെറ്റ് ലീയാണ് അഞ്ചാം സ്ഥാനത്ത്. 55 മാച്ചിലാണ് താരം നൂറിലെത്തിയത്.
ആറാം സ്ഥാനത്ത് കീവീസ് സ്റ്റാർ പേസർ ട്രെൻ്റ് ബോൾട്ടുണ്ട് (56). ഏഴാം സ്ഥാനത്ത് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയാണുള്ളത്. 56 മാച്ചിലാണ് താരം നൂറിലെത്തിയത്.