കൊച്ചി> ടി വീണയ്ക്കെതിരെ ഉന്നയിച്ച ആരോപണം പൊളിഞ്ഞതോടെ മാപ്പ് പറയലിൽ മലക്കം മറിഞ്ഞ് മാത്യു കുഴൽനാടൻ എംഎൽഎ. വീണ നികുതി നൽകിയെന്ന ധനമന്ത്രിയുടെ കത്ത് ഇതുവരെ തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളിൽ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചത്. 1.72 കോടി രൂപയ്ക്ക് നികുതി അടച്ചെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും കുഴൽനാടൻ ചോദിച്ചു. നികുതിയടച്ച രേഖ പുറത്തുവന്നതോടെ മാധ്യമങ്ങൾ തന്നെ വിചാരണ ചെയ്തുവെന്നും കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ കുഴൽനാടൻ ആരോപിച്ചു.
സിഎംആർഎൽ കമ്പനിക്ക് സാങ്കേതിക സഹായം നൽകിയതിന് സ്വീകരിച്ച പ്രതിഫലത്തിന് വീണ ഐജിഎസ്ടി അടച്ചതായാണ് ജിഎസ്ടി കമീഷണർ ധനമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. വീണ വിജയന്റെ കമ്പനി പ്രതിഫലമായി വാങ്ങിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. ബംഗളുരുവിൽ രജിസ്റ്റർ ചെയ്തതാണ് എക്സാലോജിക് സൊല്യൂഷൻ എന്ന ഐടി കമ്പനി. കേരളത്തിലും കർണാടകത്തിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കമീഷണർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഐജിഎസ്ടി അടച്ചതിന്റെ രേഖകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.