തിരുവനന്തപുരം
കേരള പിഎസ്സി ചെയർമാനും അംഗങ്ങളും നിലവിൽ വാങ്ങുന്നത് 17 വർഷംമുമ്പ് പരിഷ്കരിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം. കേന്ദ്ര നിരക്കിലുള്ള ഡിഎയും ജുഡീഷ്യൽ കമീഷൻ അംഗങ്ങളുടെ അലവൻസുകളും ചേരുന്നതാണ് ചെയർമാന്റെയും അംഗങ്ങളുടെയും ആകെ ശമ്പളം. ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും അംഗങ്ങളുടേത് 70,000 രൂപയുമാണ്. നിലവിലെ ചെയർമാന്റെ മൊത്തം ശമ്പളം 2.26 ലക്ഷവും അംഗങ്ങളുടേത് 2.23 ലക്ഷവുമാണ്. 10 വർഷം കൂടുമ്പോഴാണ് ജുഡീഷ്യൽ ഓഫീസർമാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്സി ചെയർമാനും അംഗങ്ങൾക്കും ഇത് ബാധകമാണ്.
രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ 2016 മുതലുള്ള ജില്ലാ, സബോർഡിനേറ്റ് കോടതികളിലെ ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം വർധിപ്പിക്കണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. ഈ ശമ്പള വർധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഎസ്സി സർക്കാരിന് കത്തുനൽകിയത്.
മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന് കത്തിൽ പ്രത്യേകം ആവശ്യപ്പെട്ടിട്ടുമില്ല. ഈ വർധനവ് അംഗീകരിച്ചാൽപ്പോലും പരമാവധി കൂടുന്നത് 50,000 രൂപയാണ്. എന്നാൽ, ഇതെല്ലാം മറച്ചുവച്ചാണ് ശമ്പളം ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി കത്ത് നൽകിയെന്ന് യുഡിഎഫ് പത്രം വ്യാജവാർത്ത നൽകിയത്.