മലപ്പുറം> ഉപസമിതി തീരുമാനത്തിന് വിരുദ്ധമായി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉപസമിതിയിൽനിന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും മുൻ ഡിസിസി പ്രസിഡന്റ് സി ഹരിദാസും രാജിവച്ചു. തീരുമാനം മാറ്റിയില്ലെങ്കിൽ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് ഷൗക്കത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഏഴിനാണ് ജില്ലയിലെ 110 മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. ഉപസമിതി തെരഞ്ഞെടുത്ത 14 പേരെ ഒഴിവാക്കുകയും തർക്കമുണ്ടായിരുന്ന ഒമ്പതിടത്ത് ഏകപക്ഷീയമായി പ്രസിഡന്റുമാരെ തീരുമാനിക്കുകയുംചെയ്തെന്നാരോപിച്ച് എ ഗ്രൂപ്പ് നേതൃത്വം കെപിസിസിക്ക് പരാതി നൽകിയിരുന്നു. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ നേരിൽക്കണ്ട് പരാതി നൽകിയത്.
തർക്കമുള്ള മണ്ഡലങ്ങളിൽ പ്രസിഡന്റുമാർ തൽക്കാലം ചുമതലയേൽക്കേണ്ടതില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ നിർദേശം. അതവഗണിച്ച് പലയിടത്തും മണ്ഡലം പ്രസിഡന്റുമാർ ചുമതലയേറ്റു. സമവായ ചർച്ചകളിലൂടെ പരിഹാരത്തിന് ശ്രമിക്കാതെ കെപിസിസി പ്രസിഡന്റിന്റെ നിർദേശം എ പി അനിൽകുമാർ- വി എസ് ജോയി പക്ഷം ലംഘിച്ചെന്നാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം.