തിരുവനന്തപുരം > യൂത്ത്കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെതിരായ ഹർജിയിൽ നിന്ന് പിന്മാറാൻ തട്ടിപ്പുകേസിലെ പ്രതിക്ക് ദേശീയ പദവിക്കൊപ്പം കൈക്കൂലിയും. ദേശീയ നേതൃത്വത്തിന്റെ അക്കൗണ്ടിൽ നിന്ന് ഒന്നരലക്ഷം രൂപയാണ് കോഴിക്കോട് സ്വദേശി ഷഹബാസ് കൈപ്പറ്റിയത്. അഖിലേന്ത്യാ കമ്മിറ്റി കെഎസ്യു വയനാട് ജില്ലാ പ്രസിഡന്റിന് അയച്ചുനൽകിയ പണം ഷഹബാസ് സുഹൃത്തായ അഭിഭാഷകന്റെ അക്കൗണ്ട് മുഖേനയാണ് പിൻവലിച്ചത്. ഹർജി പിൻവലിക്കാൻ താൻ ആനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു ഷഹബാസിന്റെ അവകാശവാദം.
ആഗസ്ത് 11ന് വൈകിട്ട് 4.14നാണ് കെഎസ്യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതമിന്റെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അക്കൗണ്ടിലേക്ക് യൂത്ത്കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ എത്തിയത്. ഒന്നര മണിക്കൂറിനകം തുക കോഴിക്കോട് സ്വദേശിയും മുൻ കെഎസ്യു നേതാവുമായ അഭിഭാഷകന്റെ അക്കൗണ്ടിലെത്തി. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം ഷഹബാസിന് കൈമാറി. ഡൽഹിയിൽ ഒരു പരിപാടിക്കിടെ പരിചയപ്പെട്ട ഷഹബാസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പണം കൈമാറിയതെന്ന് ഗൗതം ദേശാഭിമാനിയോട് പറഞ്ഞു.
തനിക്ക് സ്വന്തമായി അക്കൗണ്ടില്ലെന്നും അഖിലേന്ത്യാ കമ്മിറ്റി പണം ട്രാൻസ്ഫർ ചെയ്ത് നൽകണമെന്നുമായിരുന്നു ഷഹബാസ് ഗൗതമിനെ വിശ്വസിപ്പിച്ചത്. ഗൗതം അയക്കുന്ന പണം പിൻവലിച്ച് പണമായി നൽകാൻ തന്നോട് ആവശ്യപ്പെട്ടതായും സുഹൃത്തായതിനാൽ ചെയ്ത് നൽകിയെന്നും അഭിഭാഷകനും പറയുന്നു. തങ്ങളെ ബലിയാടാക്കി ഷഹബാസ് പണം വാങ്ങിയെടുത്തുവെന്ന് ഇരുവരും പറയുന്നത്. ഇടപാടിൽ തനിക്ക് പണം ലഭിച്ചെന്ന പ്രചരണത്തിനെതിരെ മാനനഷ്ടക്കേസ് നൽകിയിട്ടുണ്ടെന്നും തന്നെ വഞ്ചിച്ച ഷഹബാസിനെതിരെ പരാതി നൽകുമെന്നും ഗൗതം അവകാശപ്പെട്ടു. പണം കൈപ്പറ്റിയ ഷഹബാസ് യൂത്ത്കോൺഗ്രസ് നേതൃത്വത്തിന് അനുകൂല നിലപാട് സ്വീകരിച്ച് ഹർജി പിൻവലിച്ചു. ഇതോടെയാണ് സ്റ്റേ നീങ്ങി തെരഞ്ഞെടുപ്പ് നടപടികൾ പുനഃരാരംഭിച്ചത്. ഇതോടെ ഷഹബാസിന് വാഗ്ദാനം ചെയ്ത ദേശീയ പദവിയും നൽകി.
ജില്ലാ പഞ്ചായത്ത് അംഗമായ കോൺഗ്രസ് നേതാവിനെയും മുൻ എംഎൽഎയെയും വഞ്ചിച്ച് പണം തട്ടിയതുൾപ്പെടെ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയായ ഷഹബാസിന് യൂത്ത് കോൺഗ്രസിന്റെ യൂത്ത് പോളിസി ആൻഡ് റിസർച്ച് വിഭാഗത്തിൽ റിസർച്ച് അസോസിയേറ്റായാണ് നിയമിച്ചത്. പദവിയിൽ നിന്ന് നീക്കാൻ ആവശ്യപ്പെടുമെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെട്ടിരുന്നെങ്കിലും ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ല. സംസ്ഥാന നേതാക്കളുടെയും അറിവോടെയാണ് നിയമനം നടന്നതെന്ന ആക്ഷേപം ഇതോടെ ശക്തിപ്പെടുകയാണ്.