ഗാസ
ഗാസ മുനമ്പിലെ അൽ അഹ്ലി ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സംഘടന വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ആക്രമണത്തിന് ഇരയായവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര യുദ്ധക്കുറ്റമാണെന്ന ആരോപണം ശക്തമായിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണമാണ് ആശുപത്രി തകർത്തതെന്ന് ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. 470 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഗാസയുടെ വടക്കുഭാഗത്തുള്ള 11 ലക്ഷംപേരെ തെക്കുഭാഗത്തേക്ക് ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടിരുന്നു. അൽ-അഹ്ലി ആശുപത്രിക്കും പ്രത്യേകമായി ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് വിവരം.
അതേസമയം, പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ലക്ഷ്യംതെറ്റി പതിക്കുകയായിരുന്നെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. അതിന് പൂർണ പിന്തുണയുമായി അമേരിക്കയും രംഗത്തെത്തി. യഥാർഥ വിവരം ശേഖരിക്കുകയാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. എന്നാൽ, ഇസ്രയേലിന്റെ “സമ്പൂർണ ഉപരോധത്തിനിടയിൽ’ കനത്ത ബോംബാക്രമണവും ഇന്ധനക്ഷാമവും ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും വക്താവ് പറഞ്ഞു.