തൃശൂർ
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുകേസിൽ സിപിഐ എം നേതാക്കളെ ലക്ഷ്യമിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീക്കങ്ങൾ അവർക്കുതന്നെ തിരിച്ചടിയായി. കേസിൽ ഇഡി ആയുധമാക്കിയ ഒന്നാം സാക്ഷി കെ എ ജിജോറിനെതിരെ മൂന്ന് ക്രിമിനൽ കേസുണ്ട്. സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ ആകെ എട്ടു കേസിൽ പ്രതിയായ ഇയാളുടെ മൊഴികൾ എന്തടിസ്ഥാനത്തിലാണ് കോടതി വിശ്വസിക്കുക എന്ന പ്രതിഭാഗത്തിന്റെ വാദം കോടതിയിൽ നിർണായകമായി. ഇയാളുടെ സാമ്പത്തിക പശ്ചാത്തലവും ദുരൂഹമാണ്. ജിജോറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഐ എം നേതാക്കളെ പുകമറയിൽ നിർത്തി നിരന്തരം വാർത്താക്കുറിപ്പ് ഇറക്കിയത്.
വടക്കാഞ്ചേരിയിലെ സിപിഐ എം നേതാവ് പി ആർ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമാക്കുന്ന ഫോൺ സംഭാഷണമുണ്ടെന്നുപറഞ്ഞ ഇഡി, സംഭാഷണത്തിന്റെ പൂർണരൂപം ഹാജരാക്കണമന്ന് പ്രതിഭാഗം ആവശ്യപ്പെട്ടപ്പോൾ ഫോൺ സംഭാഷണം തന്നെ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു.
അരവിന്ദാക്ഷന് ജാമ്യം നിഷേധിക്കാൻ ഇദ്ദേഹത്തിന്റെ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ ഇടപാട് നടന്നതായി ഇഡി കോടതിയിൽ പറഞ്ഞു. ഒരു കോടിക്കുമുകളിലാണ് ഇടപാട് എങ്കിൽ കോടതിക്ക് ജാമ്യം നിഷേധിക്കാം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നടന്ന മൊത്തം ഇടപാടാണിത്. ഇതിൽ അരവിന്ദാക്ഷൻ ബാങ്കിൽനിന്നും വായ്പയെടുത്തത് കുടിശ്ശികയായതും രണ്ട് തവണ 34 ലക്ഷം രൂപ വായ്പ പുതുക്കിയതുമുണ്ട്. ഇതുമാത്രം മതി ഒരു കോടിക്ക് മുകളിലാകാൻ. ഇതിൽ കള്ളപ്പണത്തിന്റെ പങ്ക് വ്യക്തമാക്കാൻ ഇഡിക്ക് കഴിഞ്ഞുമില്ല.