പെരുമ്പാവൂർ
കാറിൽ കടത്തുകയായിരുന്ന രണ്ടുകോടി രൂപയുടെ ഹവാല പണവുമായി ആർഎസ്എസുകാരൻ ഉൾപ്പെടെ രണ്ടുപേർ പെരുമ്പാവൂരിൽ പിടിയില്‍. ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ വീട്ടിൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ കെ സജീവ് (29) എന്നിവരെയാണ് എറണാകുളം റൂറൽ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. അഖിൽ കെ സജീവ് കല്ലൂർക്കാട് പ്രദേശത്ത് ആർഎസ്എസിന്റെ പ്രധാന പ്രവർത്തകനാണ്.
കോയമ്പത്തൂരിൽനിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ രണ്ടരലക്ഷം രൂപവീതമുള്ള 80 കെട്ടുകളാക്കി പ്രത്യേകം അറയിലാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയിൽനിന്ന് വാഹനത്തെ പിന്തുടര്ന്ന് വല്ലം ജങ്ഷനിൽവച്ചാണ് പിടികൂടിയത്. എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എഎസ്പി ജുവനപ്പടി മഹേഷ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി പി ഷംസ്, ഇൻസ്പെക്ടർ ആർ രഞ്ജിത്, എസ്ഐമാരായ റിൻസ് എം തോമസ്, ജോസി എം ജോൺസൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.