കൊച്ചി> വി എസ് അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റിന്റെ പോരാട്ട ചരിത്രം ഓർമ്മപ്പെടുത്തി 77 വർഷം മുമ്പത്തെ പത്രവാർത്ത. ജാമ്യം സ്വീകരിക്കാൻ വിസമ്മതിച്ച് ജയിലിൽ പോയ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ വി എസിനെ കുറിച്ചുള്ള വാർത്ത, ദൂരദർശൻ മുൻ പ്രോഗ്രാം ഡയറക്ടറും എഴുത്തുകാരനുമായ ബൈജു ചന്ദ്രനാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
1946 ജൂൺ 11ലാണ് സംഭവം. 1945 ഡിസംബർ 23ന് ആലശ്ശേരി മൈതാനത്തു നടത്തിയ പ്രസംഗത്തിന്റെ പേരിൽ 100 രൂപയുടെ ജാമ്യവും 1000 രൂപ വീതം രണ്ടു ആൾ ജാമ്യവും ആണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിധിച്ചത്. എന്നാൽ വി എസ് ജാമ്യമെടുക്കാൻ വിസമ്മതിച്ചു. ഇതോടെ ഒരു കൊല്ലം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നു.
ആ പത്രവാർത്ത ഇങ്ങനെ:
കമ്യൂണിസ്റ്റ് പ്രവർത്തകന് ശിക്ഷ
ആലപ്പുഴ 11-6-122- ഒരു കമ്യൂണിസ്റ്റ് പ്രവർത്തകനായ വി എസ് അച്യുതാനന്ദന്റെ പേരിൽ 103-ാം വകുപ്പനുസരിച്ച് സ്ഥലം പൊലീസ് ചാർജ്ജ് ചെയ്തിരുന്ന കേസിന്റെ വിധി ഇന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മി. കൊച്ചു കൃഷ്ണപിള്ള പ്രസ്താവിക്കുകയുണ്ടായി.
100 രൂപ സ്വന്തം ജാമ്യവും 1000 രൂപ വീതം രണ്ടു ആൾ ജാമ്യവും, ജാമ്യം നൽകാതിരുന്നാൽ ഒരു കൊല്ലം വെറുംതടവും ശിക്ഷ നൽകുകയുണ്ടായി.
പ്രതി ജാമ്യം നൽകാൻ വിസമ്മതിച്ചു. 21 ട്രേഡ് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ 23-12-121ൽ ആലശ്ശേരി മൈതാനത്തുവച്ചു ചെയ്ത പ്രസംഗമാണു കേസിന് കാരണം.