തൃശൂർ > വീട്ടമ്മമാരേയും പെൺകുട്ടികളേയും അഭ്യസ്തവിദ്യരായ പൊതുജനങ്ങളേയും വിജ്ഞാന തൊഴിൽരംഗത്തേക്ക് കൊണ്ടുവരുന്നതിനും നൈപുണ്യ പരിശീലനം നൽകുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘എന്റെ തൊഴിൽ എന്റെ അഭിമാനം’, ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. 18നും 59നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് ‘എന്റെ തൊഴിൽ എന്റെ അഭിമാനം’. പ്ലസ് ടു അടിസ്ഥാനയോഗ്യതയുള്ള, 18 നും 59 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലന്വേഷകരാണ് ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയുടെ ഗുണഭോക്താക്കൾ.
കേരള നോളജ് ഇക്കോണമി മിഷനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. വിജ്ഞാന തൊഴിൽരംഗത്തേക്ക് വരാൻ താൽപ്പര്യമുള്ള സ്ത്രീകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയ തൊഴിലന്വേഷകർ ഡിഡബ്ലിയുഎംഎസ് (ഡിജറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ഇവർക്ക് വ്യവസായ വകുപ്പിന്റെ അസാപ് വഴി പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കിയവർക്ക് തൊഴിൽമേള നടത്തി വിവിധ കമ്പനികളിൽ നിയമനം നൽകും. പട്ടികജാതി-വർഗം, ട്രാൻസ് ജെൻഡർ എന്നിവർക്ക് പരിശീലന ഫീയുടെ 70 ശതമാനം സർക്കാർ വഹിക്കും. 30 ശതമാനം സ്വയം വഹിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. രജിസ്റ്റർ ചെയ്ത 399 തദ്ദേശ സ്ഥാപനങ്ങളിൽ 357 പഞ്ചായത്ത് പ്രസിഡന്റുമാരെ മൂന്ന് മേഖലകളായി തിരിച്ചാണ് പരിശീലനം.
ആദ്യഘട്ടമായി കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളുൾപ്പെടുന്ന തൃശൂർ റീജണൽ യോഗം തൃശൂരിൽ ചേർന്നു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ കെ സുരേഷ് അധ്യക്ഷനായി. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ആമുഖ പ്രഭാഷണം നടത്തി. അഡ്വ. ബിലാൽ, പ്രോഗ്രാം മാനേജർ ടി എസ് നിധീഷ്, റീജണൽ പ്രോഗ്രാം മാനേജർ എം എം സുമി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സാബു എന്നിവർ സംസാരിച്ചു. 2024 മാർച്ച് 31 ന് ഒന്നാംഘട്ടം പൂർത്തിയാക്കും.