കൊച്ചി
കരുവന്നൂർ ബാങ്ക് ക്രമക്കേടുകേസിൽ വീണ്ടും അപഹാസ്യരായി ഇഡി. വടക്കാഞ്ചേരി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷനെതിരെ തെളിവായി ശബ്ദരേഖയുണ്ടെന്നു പറഞ്ഞ ഇഡി, അത് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചു. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു ഇത്. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ എന്ന കള്ളം പൊളിഞ്ഞതിനുപിന്നാലെയാണ് മറ്റൊരു നാടകംകൂടി തകർന്നത്. ജാമ്യാപേക്ഷയിൽ 25ന് കലൂരിലെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതി വിധിപറയും.
അരവിന്ദാക്ഷനെതിരെ ശബ്ദരേഖയുണ്ടെന്നും കോടതിയിൽ കേൾപ്പിക്കാമെന്നുമാണ് ഇഡി പറഞ്ഞത്. ശബ്ദരേഖ എഡിറ്റ് ചെയ്യാത്തതാകണമെന്നും തെളിവുകൾ ഹാജരാക്കുന്നത് നടപടിക്രമം പാലിച്ചാകണമെന്നും അരവിന്ദാക്ഷന്റെ അഭിഭാഷകൻ വാദിച്ചു. നടപടിക്രമങ്ങൾ പാലിച്ച് മുദ്രവച്ച കവറിൽ തെളിവ് നൽകാൻ കോടതി നിർദേശിച്ചപ്പോൾ ഇഡി പിന്തിരിഞ്ഞു.
അരവിന്ദാക്ഷന് വടക്കാഞ്ചേരി എസ്ബിഐ, പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന തുകകൾ തട്ടിപ്പിലൂടെ ലഭിച്ചതാണെന്നാണ് ഇഡിയുടെ വാദം. ഇടപാടുകൾ വായ്പ, വിവിധ ബിസിനസുകൾ എന്നിവയുമായി ബന്ധപ്പെട്ടാണെന്നും സുതാര്യമാണെന്നും അരവിന്ദാക്ഷന്റെ അഭിഭാഷകൻ വ്യക്തമാക്കി. പി സതീഷ്കുമാറുമായോ ബിനാമികളുമായോ ബന്ധമുള്ളതല്ല ഇടപാടുകൾ. ഇതിന്റെ കണക്കുകൾ വിശദീകരിച്ചതോടെ ഇഡിക്ക് മറുപടിയില്ലാതായി.
ഇതിനിടയിലായിരുന്നു ശബ്ദരേഖാ നീക്കം. നടപടിക്രമം പാലിക്കാതെയുള്ള നീക്കത്തെ അഭിഭാഷകൻ എതിർത്തു. നടപടിക്രമം പാലിച്ച് തെളിവ് സമർപ്പിക്കാൻ കോടതി പറഞ്ഞതോടെ ഇഡി ചുവടുമാറ്റി. അരവിന്ദാക്ഷനുവേണ്ടി അഡ്വ. കെ വിശ്വൻ ഹാജരായി.