തിരുവനന്തപുരം
യുഡിഎഫ് ഭരണകാലത്ത് സോളാർ അഴിമതിക്കെതിരെ 2013ൽ ഒക്ടോബർ 12ന് എൽഡിഎഫ് നേതൃത്വത്തിൽ സെക്രട്ടറിയറ്റ് ഉപരോധിച്ചപ്പോൾ സമരക്കാരെ പഴിച്ച യുഡിഎഫ് മാധ്യമങ്ങൾ, ഉപരോധം നടത്തുന്നത് യുഡിഎഫ് ആയപ്പോൾ മലക്കംമറിഞ്ഞു. പൊലീസ് സുരക്ഷാ സംവിധാനത്തെ ‘ഗുരുതരമായ പ്രശ്നമാക്കി’ ബുധനാഴ്ച ചാനലുകളും വ്യാഴാഴ്ച പത്രങ്ങളും പൊലിപ്പിച്ചു. എൽഡിഎഫ് സെക്രട്ടറിയറ്റ് വളഞ്ഞപ്പോൾ ‘നാറ്റിച്ചു’വെന്ന് ആക്ഷേപിച്ച മാധ്യമങ്ങളാണ് ബുധനാഴ്ച സെക്രട്ടറിയറ്റിനുചുറ്റും നടന്ന് വഴിയാത്രക്കാരോട് ‘പൊലീസ് നിയന്ത്രണം ബുദ്ധിമുട്ടിച്ചോ?’ എന്ന ചോദ്യവുമായി രംഗത്തുവന്നത്. എന്നാൽ, അഭിമുഖം നടത്തിയ യാത്രക്കാരിൽ ഭൂരിപക്ഷവും സമരം എന്തിനെന്നുതന്നെ മനസ്സിലാകുന്നില്ലെന്ന മറുപടിയാണ് കൊടുത്തത്.
സമരങ്ങൾക്കും ഹർത്താലുകൾക്കും റോഡ് തടസ്സങ്ങൾക്കുമെതിരെ നിരന്തരം വാർത്തയെഴുതുന്ന മനോരമയടക്കമുള്ള മാധ്യമങ്ങളും തിരുവനന്തപുരത്തെ യാത്രാ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തില്ല. എൽഡിഎഫ് സമരത്തിൽ ‘യാത്രക്കാർ വലഞ്ഞു’ ,‘ദുരിത വെള്ളി’എന്നൊക്കെ തലക്കെട്ട് ഇട്ടവർ യുഡിഎഫ് സമരത്തെ തുടർന്നുണ്ടായ കടുത്ത ഗതാഗത തടസ്സം മറന്നു. അത് ‘പ്രതിഷേധക്കരുത്തും’ ‘ജനപങ്കാളിത്ത’വും ‘ യുഡിഎഫ് ഊർജ’വുമായി മാറി. റോഡിലെ കുഴിയും മഴയുമാണ് വില്ലനെന്നും ധ്വനിപ്പിച്ച് പേജ് നിറയ്ക്കുകയും ചെയ്തു.
വാർത്തയിൽ നിറഞ്ഞ് ദത്തൻ;
ഉപരോധം പൊളിഞ്ഞു
വിചാരിച്ചതുപോലെ യുഡിഎഫിന്റെ സെക്രട്ടറിയറ്റ് ഉപരോധം ക്ലച്ചുപിടിച്ചില്ലെന്നും വാർത്താ താരമായത് എം സി ദത്തനാണെന്നും കോൺഗ്രസ് പിആർ ടീം വിലയിരുത്തൽ. പൊലീസ് നിയന്ത്രണത്തെ പൊലിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചതെങ്കിലും ഫലത്തിൽ അത് ഉപരോധം പൊളിക്കുന്നതായി. കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാൽ ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരെയും പ്രത്യേക ഗേറ്റുവഴിയാണ് കടത്തിവിട്ടത്. തിരക്കിനിടയിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ തിരിച്ചറിയാത്തതിനാൽ ഐഡി കാർഡ് നോക്കിയാണ് പൊലീസ് കടത്തിവിട്ടത്. ഗേറ്റിൽ ചെറിയ കാലതാമസമുണ്ടായതോടെ ചാനൽ പ്രവർത്തകർ കൂടുകയും ദത്തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയുമായിരുന്നു. ‘എനിക്ക് ഒരു പ്രശ്നവുമില്ല, ഒന്നുംപറയാനുമില്ല’ എന്ന് വ്യക്തമായി ചാനലുകളോട് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പൊലീസിനെതിരെ പറയിപ്പിച്ചേ അടങ്ങൂവെന്ന് ചില മാധ്യമ പ്രവർത്തകർ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയപ്പോഴാണ് തട്ടിക്കയറിയത്. തുടർന്ന് അത് ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു. അതോടെ ഉപരോധവും വി ഡി സതീശന്റെ പ്രസംഗവുമെല്ലാം വെറുതെയായി. സമൂഹമാധ്യമങ്ങളിലും ഇത് വൻ ചർച്ചയായി. കമന്റുകളിലാകട്ടെ മാധ്യമങ്ങൾക്ക് അങ്ങനെ തന്നെ വേണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷവും.