കോഴിക്കോട്
ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകിയ പിആർ ഏജൻസി ഉന്നത നേതാക്കളുടെ സ്വന്തമെന്ന് ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകിയ സ്ഥാപനത്തെച്ചൊല്ലിയാണ് ബിജെപിയിൽ ആക്ഷേപം. പിആർ ഏജൻസി പ്രതിനിധികൾ ബിജെപി സംസ്ഥാന കോർകമ്മിറ്റിയിൽ പങ്കെടുത്ത വാർത്ത വന്നതിന് പിന്നാലെയാണ് പുതിയ ആരോപണം.
സംസ്ഥാനത്തെ ഉന്നത നേതാവിനും പ്രമുഖ ദേശീയ ഭാരവാഹിക്കും പങ്കാളിത്തമുള്ളതാണ് പിആർ കമ്പനിയെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു. ബംഗളൂരു ആസ്ഥാനമായുള്ളതാണ് സ്ഥാപനം. കഴിഞ്ഞ ലോക്സഭാ –-നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണ സാമഗ്രികളുടെ കരാർ ഇവർക്കായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കം കുരുക്കിലായ കൊടകര കുഴൽപ്പണ കേസിലും ഈ സ്ഥാപനത്തിന്റെ പേര് പുറത്തുവന്നിരുന്നു. കുഴൽപ്പണം സംസ്ഥാനത്തേക്ക് കൊണ്ടുവന്നത് ഇവരുടെ വാഹനത്തിലായിരുന്നുവത്രെ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിലടക്കം പങ്കുള്ളവരുടേതാണ് പിആർ ഏജൻസി. അതിനാൽ സംസ്ഥാന ഭാരവാഹികളായ പ്രമുഖ നേതാക്കളടക്കം ഇതേക്കുറിച്ച് മൗനം നടിക്കുകയാണ്.