കൽപ്പറ്റ > കോളേജ് കവാടത്തിൽ കെഎസ്യു എംഎസ്എഫ് ഭീഷണികൾക്കിടെ എസ്എഫ്ഐക്കാരായ പെൺകുട്ടികൾ നടന്നുകയറുന്ന ചിത്രം ഓർമ്മയില്ലേ. മാതൃകം പരിപാടിക്ക് എത്തിയ എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ വയനാട് ഗവ. എൻജിനീയറിങ് കോളേജിൽ കയറ്റില്ലെന്നായിരുന്നു ഭീഷണി. അതേ കോളേജിലാണ് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 18 വർഷം നീണ്ട യുഡിഎസ്എഫ് യൂണിയൻ ഭരണം അവസാനിപ്പിച്ച് എസ്എഫ്ഐ വിജയിച്ചത്.
18 വർഷത്തിനിടയിൽ ആദ്യമായാണ് മുഴുവൻ മേജർസീറ്റിലും എസ്എഫ്ഐ വിജയിക്കുന്നത്. മേജർ സീറ്റുൾപ്പെടെ 15ൽ 12 സീറ്റും നേടി. കഴിഞ്ഞ വർഷം ഏഴ് മേജർ സീറ്റിൽ രണ്ടെണ്ണം മാത്രമായിരുന്നു എസ്എഫ്ഐക്ക് ലഭിച്ചിരുന്നത്. മറ്റു വർഷങ്ങളിലും യുഡിഎസ്എഫിനായിരുന്നു ആധിപത്യം. കണ്ണൂർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് സാങ്കേതിക സർവകലാശാലയിലും എസ്എഫ്ഐ വിദ്യാർഥികളുടെ മനസ്സ് കീഴടക്കിയത്. ചെയർമാനായി ഫർഷാൻ യൂസഫും വൈസ് ചെയർമാനായി സി പി അമയ മോഹനും, ജനറൽ സെക്രട്ടറിയായി കെ ആദിതും വിജയിച്ചു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തലപ്പുഴയിലും മാനന്തവാടിയിലും ആഹ്ലാദ പ്രകടനം നടത്തി. വിജയിച്ച വിദ്യാർഥികളെ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.