കാസർകോട് > ബസ്സിൽ യാത്രചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി മന്നിപ്പാടി ഹൗസിങ് കോളനിയിലെ മൻവിത് (15) ആണ് മരിച്ചത്. ബുധൻ വൈകിട്ട് അഞ്ചോടെ കറന്തക്കാട് കൃഷ്ണ തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്. മന്നിപ്പാടി ഗണേഷ് നിലയത്തിൽ സുനിൽകുമാർ–- പ്രജിത ദമ്പതികളുടെ മകനാണ്. സഹോദരൻ: അൻസിത്.
സ്കൂൾ വിട്ടശേഷം കാസർകോട് പഴയ ബസ്സ്റ്റാൻഡിലെത്തി മധൂരിലേക്കുള്ള സ്വകാര്യ ബസിൽ യാത്രചെയ്യുമ്പോൾ തല വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.