കോഴിക്കോട്> യുഡിഎഫ് നേതാക്കളുടെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിൽ കേസ് കൊടുക്കുകയുംചെയ്ത ഷഹബാസ് വടേരിക്ക് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം നിയമനം നൽകിയതിനെ ചൊല്ലി വിവാദം. യൂത്ത് കോൺഗ്രസിന്റെ യൂത്ത് പോളിസി ആൻഡ് റിസർച്ച് വിഭാഗത്തിൽ റിസർച്ച് അസോസിയേറ്റായാണ് നിയമനം. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പ്രസിഡന്റ് ബി എസ് ശ്രീനിവാസിനെതിരെ പുട്ടും കടലയും കഴിക്കാൻ ഒരു രൂപ ചലഞ്ചിനും തുടക്കമിട്ടു. സമൂഹമാധ്യമങ്ങൾവഴി വൻ പ്രചാരണമാണ് നടക്കുന്നത്.
യൂത്ത് കോൺഗ്രസ് ഭരണഘടനാപരമായല്ല സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന ആരോപണവുമായി ഷഹബാസ് രംഗത്തെത്തിയിരുന്നു. ഫെയിം എന്ന സ്വകാര്യ ഏജൻസിക്ക് തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലനൽകിയത് കോടികളുടെ വെട്ടിപ്പാണെന്നും ആക്ഷേപമുന്നയിച്ചു. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചു. സംസ്ഥാന, ദേശീയ നേതൃത്വത്തിനെതിരെ അഴിമതി ആരോപണമുയർത്തി നിരവധി തവണ വാർത്താസമ്മേളനവും നടത്തി. എന്നാൽ, കേസ് ഒത്തുതീർപ്പാക്കാൻ ഷഹബാസിന് ദേശീയ തലത്തിൽ പദവിയും ലക്ഷങ്ങൾ കോഴയും നൽകിയെന്നാണ് ആരോപണം. കെഎസ്യു വയനാട് ജില്ലാ ഭാരവാഹി മുഖേനയാണ് ഒത്തുതീർപ്പുണ്ടാക്കിയത്. വാഗ്ദാനം നൽകിയ തുക പൂർണമായി കിട്ടാത്തതിനെതിരെ ഷഹബാസ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരാതിനൽകിയിരുന്നു. കെഎസ്യു വയനാട് ജില്ലാ ഭാരവാഹിക്കെതിരെ സുധാകരൻ അന്വേഷണവും പ്രഖ്യാപിച്ചു. ഇതിനിടയിലാണ് ദേശീയ പദവി നൽകിയ വിവരം പുറത്തായത്.
മാങ്കാവിൽ പെട്രോൾ പമ്പ് തുടങ്ങാൻ സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ ധനീഷ് ലാലിൽനിന്നും മുൻ ലീഗ് എംഎൽഎ യു സി രാമനിൽനിന്നും ഷഹബാസ് 40 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും ഷഹബാസിന് ദേശീയ തലത്തിൽ പദവി നൽകിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പ്രസിഡന്റ് ബി എസ് ശ്രീനിവാസിനെതിരെ പുട്ടും കടലയും കഴിക്കാൻ ഒരു രൂപ ചലഞ്ചിനായി പ്രചരിക്കുന്ന പോസ്റ്റർ