തിരുവനന്തപുരം > കൃത്യമായ മുദ്രാവാക്യമില്ലാത്ത സെക്രട്ടറിയറ്റ് ഉപരോധത്തിന് യുഡിഎഫും ബിജെപിയും. ഇരുകൂട്ടരുടെയും ആവശ്യം മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ്. എന്നാൽ, എന്തിന് രാജിവയ്ക്കണമെന്ന് പറയുന്നുമില്ല. തട്ടിക്കൂട്ടിയ അഴിമതിയാരോപണങ്ങളെല്ലാം പൊളിഞ്ഞു. ജനകീയപ്രശ്നമോ മറ്റെന്തെങ്കിലുമോ പറയാനുമില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ഉയർത്തിക്കൊണ്ടുവന്ന അഴിമതിയാരോപണം രണ്ടു ദിവസത്തെ ചാനൽ ചർച്ചയ്ക്കപ്പുറം പോയില്ല. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ പേരുപറഞ്ഞ് നിയമനത്തിന് കൈക്കൂലി വാങ്ങിയെന്നും അന്വേഷിക്കണമെന്നും രാജിവയ്ക്കണമെന്നുവരെ പ്രതിപക്ഷം ആവശ്യപ്പെട്ടു. മണിക്കൂറുകൾക്കകം അതിലെ കള്ളവും പുറത്തുവന്നു.
എഐ കാമറയുമായി ബന്ധപ്പെട്ട ‘സേഫ് കേരള’ പദ്ധതിക്കെതിരെ പെരുമ്പറമുഴക്കിയവർക്കുതന്നെ തിരിച്ചടിയായി. ഹൈക്കോടതി കെൽട്രോണിന് പണംകൊടുക്കാൻ ഉത്തരവുമിട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന മാത്യുകുഴൽനാടൻ സ്വന്തം ക്രമക്കേട് പുറത്തുവന്നതോടെ അകത്തുകയറി. കുഴൽപ്പണമടക്കം പല വ്യാജപണമിടപാടിലും പങ്കുപറ്റിയവരും സഹകരണ സംഘങ്ങളിൽ കൊള്ള നടത്തിയവരുമായ നേതാക്കൾക്കെതിരെ സ്വന്തം പാർടിയിൽ കലാപം നടക്കുമ്പോഴാണ് ഉപരോധവുമായി ബിജെപിയും യുഡിഎഫിനൊപ്പം ചേരുന്നത്. വേറെ ആരെ സഹായിച്ചാലും സിപിഐ എമ്മിനെ തോൽപ്പിക്കണമെന്നതാണ് നയമെന്നും അടുത്തിടെ ബിജെപി തീരുമാനിച്ചിരുന്നു.