തിരുവനന്തപുരം > നരേന്ദ്ര മോഡിയുടേത് തെമ്മാടി ഭരണമെന്ന് പറയാൻ ഏഷ്യാനെറ്റ് ന്യൂസിന് ധൈര്യമുണ്ടോ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. കേരളത്തിൽ തെമ്മാടി ഭരണമെന്ന ഏഷ്യാനെറ്റ് എഡിറ്റർ വിനു വി ജോണിന്റെ പരാമർശത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്വരാജിന്റെ ചോദ്യം. ഡിഎകെഎഫ് സെമിനാർ വേദിയിൽ ഏഷ്യാനെറ്റ് മുൻ എഡിറ്റർ ഇൻ ചീഫ് എം ജി രാധാകൃഷ്ണന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ തിരുത്തിക്കൊണ്ടായിരുന്നു സ്വരാജിന്റെ പ്രസംഗം. കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണത്തെ സമീകരിച്ചുകൊണ്ടായിരുന്നു എം ജി രാധാകൃഷ്ണന്റെ പ്രസംഗം.
“ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയവണ്ണിന്റേയും സംപ്രേഷണം കേന്ദ്രസർക്കാർ നിർത്തിവയ്പ്പിക്കുന്ന ഒരു സാഹചര്യമുണ്ടായി. പക്ഷേ ഏഷ്യാനെറ്റിന് വളരെവേഗം അത് തിരിച്ചുകിട്ടി. മീഡിയവണ്ണിന് സുപ്രീം കോടതിയിൽ പോയിട്ടാണ് കിട്ടിയത്. കേന്ദ്രത്തിന് ഏഷ്യാനെറ്റ് നൽകിയ കത്തിലെ ഒരു വാചകം നിരുപാധിക മാപ്പ് എന്നായിരുന്നു. പിന്നീടങ്ങോട്ട് ഏഷ്യാനെറ്റിന്റെ സ്വഭാവം എന്തായിരുന്നു?. കേരളത്തിലെ ഭരണത്തെ തെമ്മാടി ഭരണമെന്ന് പറഞ്ഞു. അത് പറഞ്ഞ അവതാരകൻ നല്ല ആരോഗ്യത്തോടെ കേരളത്തിൽ നടക്കുന്നുണ്ട്. അതിന്റെ അർത്ഥം എന്താണ്?. അങ്ങനെ പറഞ്ഞാലും സഹിഷ്ണുതയോടെ അത് കേൾക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള മര്യാദ കേരളത്തിലെ ഇടതുപക്ഷത്തിന് ഉണ്ട് എന്നാണ്.
സർക്കാരിനെ വിമർശിച്ചതിനോ സർക്കാരിന് നേതൃത്വം നൽകുന്ന പാർടിയെ എതിർത്തതിനോ കേരളത്തിൽ ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. വിമർശിക്കുന്നവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സിപിഐ എം നിലകൊള്ളും. രാജ്യത്ത് ഫാസിസത്തിന്റെ കാലൊച്ച കേൾക്കുമ്പോൾ ജനാധിപത്യവിരുദ്ധ നടപടികളുടെ വക്താക്കളായി മാറാൻ മടിയില്ലാത്തവരായി പ്രധാന മാധ്യമങ്ങൾ.
തെമ്മാടി ഭരണമെന്ന് നരേന്ദ്ര മോഡിയെക്കുറിച്ച് ഒന്ന് പറഞ്ഞുനോക്കണം. എളമരം കരീമിനെ ചെകിട്ടത്ത് അടിക്കണമായിരുന്നു, മൂക്കിൽനിന്ന് ചോര ഒഴുകണമായിരുന്നു എന്ന് ഏഷ്യാനെറ്റ് പറഞ്ഞതുപോലെ അമിത് ഷായെക്കുറിച്ച് പറഞ്ഞുനോക്കട്ടെ. മാപ്പർഹിക്കാത്ത തെറ്റാണ് എം ജി രാധാകൃഷ്ണൻ ചെയ്തത്. രാജ്യത്തെയാകെതയുള്ള സാഹചര്യവുമായി കേരളത്തെ താരതമ്യം ചെയ്യുന്നത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു’ – സ്വരാജ് പറഞ്ഞു.
ജനാധിപത്യവിരുദ്ധ നിയമങ്ങളുടെ ശൃംഖല തന്നെ ഇന്ന് രാജ്യത്തുണ്ടെന്നും ഇത് ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ കേന്ദ്ര സർക്കാർ നിരന്തരം വേട്ടയാടുകയാണെന്നും എം ജി രാധാകൃഷ്ണൻ പറഞ്ഞു. വിവിധ മാർഗങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രം മാധ്യമങ്ങളെ വരുതിയിൽ നിർത്തുന്നത്. ന്യൂസ്ക്ലിക്കിലെ അമ്പതോളം മാധ്യമപ്രവർത്തകരുടെ വീടുകളിലാണ് ഒരേസമയം പൊലീസിനെ ഉപയോഗിച്ച് പരിശോധന നടത്തിയത്. സമൂഹമാധ്യമങ്ങളെപ്പോലും നിയന്ത്രിക്കുന്ന ഭേദഗതി കൊണ്ടുവന്നു. കേന്ദ്ര സർക്കാരിനെതിരെ ശബ്ദിച്ചിരുന്ന എൻഡിടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങളെ പണം നൽകി പിടിച്ചെടുത്തു. ജനാധിപത്യ വ്യവസ്ഥയിലുള്ള ഇത്തരം സ്വേച്ഛാധിപത്യ പ്രവണതകൾ കൂടുതൽ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.