വാഷിങ്ടൺ ഡിസി> ഇസ്രയേൽ പലസ്തീനിലേക്ക് ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും.
അതേസമയം സൈനിക പിന്തുണ നൽകുമ്പോൾത്തന്നെ ഇസ്രയേലിന്റെ ഗാസ അധിനിവേശനീക്കത്തെ അമേരിക്ക തള്ളി. ഗാസ വീണ്ടും പിടിച്ചെടുക്കുന്നത് വലിയ തെറ്റാകുമെന്ന് ബൈഡൻ പറഞ്ഞു. അതേസമയം ഗാസയിലേക്ക് ഇസ്രയേലിന്റെ ബോംബാക്രമണം ഇടതടവില്ലാതെ തുടരുകയാണ്. കൂടുതൽ സൈനികസന്നാഹങ്ങളെയും വിന്യസിച്ചു.
അറബ് രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കി ഇസ്രയേലിൽ തിരിച്ചെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രസിഡന്റ് ഇസ്സാക് ഹെർസോഗ് എന്നിവരുമായി ഗാസയിൽ മാനവിക ഇടനാഴി തുറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
ബന്ദികളാക്കിയ ഇസ്രയേൽക്കാരെ എത്രയും വേഗം നിരുപാധികം വിട്ടയ്ക്കണമെന്ന് ഹമാസിനോട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗാസയിലെ ജനങ്ങൾക്ക് അവശ്യസേവനങ്ങൾ ഉടൻ എത്തിക്കണമെന്ന് ഇസ്രയേലിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടിട്ടുണ്ട്.