കൊച്ചി> പൈങ്ങോട്ടൂർ ആയങ്കരയിൽ മാത്യു കുഴൽനാടൻ എംഎൽഎ നിർമിച്ച രണ്ട് കെട്ടിടങ്ങൾക്കും കുടുംബവീടിനുപിന്നിൽ നടത്തുന്ന നിർമാണത്തിനും പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ. നിർമാണത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൈങ്ങോട്ടൂർ പഞ്ചായത്ത് നോട്ടീസ് നൽകിയത്. നിർമാണം അനധികൃതമല്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പഞ്ചായത്ത് തുടർച്ചയായി നോട്ടീസുകൾ നൽകിയിരുന്നു. മറുപടി നൽകാത്തതിനെ തുടർന്നാണ് സ്റ്റോപ് മെമ്മോ കൈമാറിയത്.
കുഴൽനാടന്റെ കുടുംബവീടിന് പിൻഭാഗത്ത് തുടരുന്ന നിർമാണങ്ങൾ 2019ലെ കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടം നാല് പ്രകാരം അനധികൃതമാണെന്നു കാണിച്ച് ഒക്ടോബർ പത്തിനാണ് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയത്. കുടുംബവീട്ടിൽനിന്ന് 5.40 മീറ്റർ അകലെ 1092.21 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിനും അതിന്റെ എട്ടു മീറ്റർ മാറി 666.50 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടങ്ങൾക്കും പഞ്ചായത്തിന്റെ അനുമതിയില്ലെന്ന് നോട്ടീസിൽ പറയുന്നു.
അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്ക് അനുമതി തേടി 2022 നവംബർ 22ന് എംഎൽഎ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്മേൽ വിവരങ്ങളും രേഖയും ആവശ്യപ്പെട്ട് 2022ലും ഈ വർഷവുമായി പഞ്ചായത്തിൽനിന്ന് മൂന്നുതവണ എംഎൽഎയ്ക്ക് നോട്ടീസ് നൽകി. ഇതിലൊന്നിനും കുഴൽനാടൻ മറുപടി നൽകിയില്ലെന്നും സ്റ്റോപ് മെമ്മോയിൽ പറയുന്നു.
കുടുംബവീടിനുസമീപം കെട്ടിട നമ്പരില്ലാത്ത നിർമിതി പൊളിച്ചാണ് പുതിയ കെട്ടിടം നിർമിച്ചതെന്ന ഡിവൈഎഫ്ഐയുടെ ആരോപണം കുഴൽനാടൻ നിഷേധിച്ചിരുന്നു. സ്റ്റോപ് മെമ്മോയിലെ വിവരങ്ങൾ മാത്യു കുഴൽനാടന്റെ അവകാശവാദത്തിന് തിരിച്ചടിയായി. പഴയ കെട്ടിടത്തിന്റെ അടിത്തറ നിലനിർത്തി മുൻവശം 1.80 മീറ്റർ വീതിയിൽ കൂട്ടിയെടുത്താണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടവും റോഡും തമ്മിൽ ഒരുമീറ്റർ ദൂരപരിധിപോലുമില്ല. പഞ്ചായത്തിന് നൽകിയ പ്ലാനിലും ദൂരപരിധി തെറ്റായാണ് കാണിച്ചത്. ഈ വസ്തുതകളാണ് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ അനധികൃത കെട്ടിടങ്ങളെ ഔട്ട് ഹൗസ്, ഓഫീസ് എന്നൊക്കെ വിശേഷിപ്പിച്ച് കുഴൽനാടൻ തടിതപ്പുകയായിരുന്നു.