കോഴിക്കോട് > സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെ മറയാക്കി സമസ്തക്കെതിരെ നടത്തിയ പോരിൽനിന്ന് പിൻവാങ്ങുന്നതായി മുസ്ലിംലീഗ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ) വിഭാഗത്തിനെതിരെ സലാമിന്റെ തുടർച്ചയായ ആക്ഷേപം കടുത്ത എതിർപ്പ് ക്ഷണിച്ച് വരുത്തിയതോടെയാണ് പിന്മാറ്റം.
സമസ്ത വിദ്യാർഥി വിഭാഗമായ എസ്കെഎസ്എസ്എഫിന്റെ പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ കഴിവില്ലാത്തയാൾ എന്ന് സലാം അധിക്ഷേപിച്ചതാണ് ലീഗ് നേതൃത്വത്തെ കുഴക്കിയത്. പാണക്കാട് കുടുംബാംഗത്തെ വിമർശിച്ച സലാമിനോട് ഇനി മിണ്ടരുതെന്ന് ലീഗ് നേതൃത്വം കർശന നിർദേശം നൽകി. സലാമിനെ നിയന്ത്രിക്കണമെന്ന് സമസ്ത വിദ്യാർഥി വിഭാഗമായ എസ്കെഎസ്എസ്എഫ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തന്നെ സലാമിനോട് പരസ്യപ്രതികരണം നിർത്താൻ ആവശ്യപ്പെട്ടതായാണ് വിവരം. എസ്കെഎസ്എസ്എഫിൽ നടക്കുന്നതൊന്നും പ്രസിഡന്റായ ഹമീദലിക്ക് അറിയില്ല. അദ്ദേഹം എല്ലാത്തിനും ഒപ്പിട്ട് പോരുകയാണെന്നായിരുന്നു സലാമിന്റെ ആക്ഷേപം.
നേരത്തെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സലാം അധിക്ഷേപിച്ചതിന്റെ മുറിവുണങ്ങും മുമ്പായിരുന്നു ഹമീദലിക്കെതിരായ പരാമർശം. ഇതോടെ സുന്നി പ്രവർത്തകരിലാകെ അമർഷം പടർന്നു. മുശാവറ അംഗങ്ങൾ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുമായി ചർച്ച നടത്തരുതെന്നടക്കം അഭിപ്രായം ഉയർന്നു. ബന്ധത്തിൽ വിള്ളൽ വർധിക്കുന്നത് തിരിച്ചറിഞ്ഞാണ് കുഞ്ഞാലിക്കുട്ടിയും മറ്റും ഇടപെട്ട് ‘വെടിനിർത്തൽ’ നിർദേശിച്ചത്. തുടർന്ന് സലാം ഹമീദലി ശിഹാബ് തങ്ങളെ വിളിച്ച് ഖേദപ്രകടനം നടത്തിയതായാണ് വിവരം.
സമസ്ത വിമർശത്തിൽ എല്ലാ നേതാക്കളുടെയും പിന്തുണയുണ്ടെന്ന് സലാം വ്യക്തമാക്കിയിരുന്നു. അധിക്ഷേപം നടത്തവേ ഇടപെടാതെ എതിർ പ്രതികരണത്തിൽനിന്ന് സലാമിനെ രക്ഷിക്കാനുള്ള തന്ത്രമാണ് ലീഗിന്റേതെന്ന അഭിപ്രായം സമസ്ത നേതാക്കളിലുണ്ട്. വിദേശത്തുള്ള പ്രസിഡന്റ് ജിഫ്രി തങ്ങളടക്കം തിരിച്ചെത്തിയശേഷമാകും സമസ്തയുടെ അടുത്ത നീക്കം.















