തൃശൂർ
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാനും ഇടതുപക്ഷ വേട്ടയ്ക്കുമുള്ള സാഹചര്യമൊരുക്കുന്ന കേന്ദ്ര- സർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിരോധക്കോട്ടതീർത്ത് ജനകീയ സഹകരണ സംരക്ഷണസംഗമം. ബിജെപിക്കൊപ്പം പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുകയും അതിലൂടെ നിക്ഷേപം മറ്റ് മേഖലകളിലേക്ക് ഒഴുക്കാനുള്ള ഗൂഢാലോചന തകർക്കാനും അത് ജനസമക്ഷം തുറന്നുകാണിക്കാനുമാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ സംഗമം സംഘടിപ്പിച്ചത്.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സഹകരണ മേഖലയേയും ഇടതുപക്ഷത്തേയും തകർക്കുകയാണ് ബിജെപി ലക്ഷ്യം. അതിന് കുടപിടിക്കുകയാണ് കോൺഗ്രസും മാധ്യമങ്ങളും. ഇതിനെതിരെ വൻ പ്രതിരോധം തീർത്ത് സഹകരണ മേഖലയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചാണ് സഹകാരികളും ജീവനക്കാരും ഒത്തുചേർന്നത്. തേക്കിൻകാട് മൈതാനിയിൽ പതിനായിരങ്ങൾ അണിനിരന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കെ പി രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ കൺവീനർ കെ വി അബ്ദുൾഖാദർ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്, എൽഡിഎഫ് നേതാക്കളായ ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, എ വി വല്ലഭൻ, സി ടി ജോഫി, പി ഐ സൈമൺ, സി ആർ വൽസൻ, ഗോപിനാഥ് താറ്റാട്ട്, ഷൈജു, ബഷീർ, പോൾ എം ചാക്കോ തുടങ്ങിയവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബിജോൺ, എ സി മൊയ്തീൻ എംഎൽഎ, എൻ ആർ ബാലൻ, എം കെ കണ്ണൻ എന്നിവരും പങ്കെടുത്തു.