തിരുവനന്തപുരം > കനത്ത മഴയിൽ തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെതുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ മഴക്കെടുതിയെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കാൻ നിർദേശങ്ങൾ നൽകി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ജോലിയിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു.
മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് വീടുകളിലകപ്പെട്ടവർക്ക് ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണമെന്ന് മന്ത്രി കെ രാജൻ നിർദേശിച്ചു.
ജില്ലയിലെ ക്വാറി, മൈനിംഗ് പ്രവര്ത്തനങ്ങള് നിരോധിച്ചു. ബീച്ചുകളില് വിനോദ സഞ്ചാരത്തിനും നിരോധനം ഏര്പ്പെടുത്തിയതായി ജില്ലാ കളക്ടര് അറിയിച്ചു. മലയോര മേഖലകളില് ഉരുള്പൊട്ടല്, മണ്ണിടിച്ചില് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 21 ദുരിതാശ്വാസ ക്യാമ്പുകള് തുറന്നിട്ടുണ്ട്. 875 പേരെ നിലവില് വിവിധ ക്യാമ്പുകളില് മാറ്റിപാര്പ്പിച്ചു. ജില്ലയില് 6 വീടുകള് പൂര്ണമായും 11 വീടുകള് ഭാഗികമായും തകര്ന്നു.
നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അടിയന്തര സാഹചര്യം നേരിടാൻ സർക്കാരും ജില്ലാ ഭരണകൂടവും സജ്ജമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.