പാലക്കാട്> മൂന്നുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് നടന്ന വിവിധ സൈബർ തട്ടിപ്പുകളിലായി നഷ്ടമായത് 619.18 കോടി രൂപ. ആകെ ലഭിച്ചത് 34825 പരാതി. പലിശരഹിതമെന്ന വാഗ്ദാനങ്ങളിൽ കുടുങ്ങി ലോൺ ആപ്പിന്റെ ചതിയിൽപ്പെടുന്നതും വിദേശരാജ്യങ്ങളിൽ തൊഴിൽ നൽകാമെന്നുപറഞ്ഞ് പണം അക്കൗണ്ടുകളിൽനിന്ന് കവരുന്നതുമായ സംഭവം വർധിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഈ വർഷം ആഗസ്ത് വരെ സൈബർ തട്ടിപ്പിനിരയായതായി പരാതിപ്പെട്ടവർ 14,111 പേരാണ്. ആകെ 106.79 കോടി രൂപ നഷ്ടപ്പെട്ടു. 17.80 കോടി (16.7ശതമാനം) നഷ്ടപ്പെടാതെ പൊലീസിന് പിടിച്ചുവയ്ക്കാനായി. സെപ്തംബറിൽ ലഭിച്ചത് 2180 പരാതി. 13.42 കോടിയാണ് തട്ടിയെടുത്തത്. 2.51 കോടി (18.8 ശതമാനം) പൊലീസ് ഇടപെടലിൽ തടഞ്ഞുവച്ചു. 2021 ൽ 5640 പരാതിയും 2022ൽ 12,894 പരാതിയും ലഭിച്ചു. യഥാക്രമം 10.74കോടിയും 488.22 കോടിയുമാണ് തട്ടിയത്. ഇതിൽ 9.6 ശതമാനവും 8.6 ശതമാനവും പണം നഷ്ടപ്പെടാതെ സംരക്ഷിക്കാനായി.
ലോൺ ആപ്പിന്റെ ചതിയിൽ ഈ വർഷം കുടുങ്ങിയവർ 1593 പേർ ആണ്. കൂടുതൽ എറണാകുളത്തും (272) കുറവ് വയനാട്ടിലും (23) ആണ്. ഗ്രാമീണമേഖലയിൽ പണം നഷ്ടപ്പെട്ടവരിൽ കൂടുതൽ പേരും എറണാകുളം ജില്ലയിലുള്ളവർ (162). സംസ്ഥാനത്ത് 241 ലോൺ ആപ്പാണ് പൊലീസിന്റെ സൈബർ വിഭാഗം കണ്ടെത്തിയത്. 103 എണ്ണത്തിന്റെ പ്രവർത്തനം നിയമപരമായി തടഞ്ഞു.
ഉടൻ പരാതിപ്പെടണം
സൈബർ തട്ടിപ്പിനിരയായാൽ ഉടൻ പരാതിപ്പെടുകയാണെങ്കിൽ പണം ഏത് അക്കൗണ്ടിലേക്കാണോ നൽകിയത് ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് സൈബർ പൊലീസ് പറയുന്നു. പരാതി നൽകാൻ വൈകുന്നത് പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കുറയും. പൊലീസ് സൈബർ ഓപ്പറേഷൻ വിങ് സജ്ജീകരിച്ചതോടെ പരാതി നൽകാൻ കുടുതൽ പേർ എത്തുന്നുണ്ട്. നാണക്കേട് ഭയന്നും മറ്റും പരാതി നൽകാത്തവരുമുണ്ട്. 2021 മുതൽ ഇതുവരെ 63.15കോടിരൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിൽനിന്ന് തടഞ്ഞുവയ്ക്കാൻ സൈബർ പൊലീസിന് സാധിച്ചിട്ടുണ്ട്.
പെടരുത് ഫുൾ തട്ടിപ്പാണ്
സൈബർ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ പരാതികളാണ് പാലക്കാട് ജില്ലയിൽ ലഭിക്കുന്നത്. അന്തർദേശീയ കൊറിയർ കമ്പനിവഴി അയച്ച പാർസലിൽ മയക്കുമരുന്നുണ്ടെന്നും കേസിൽ പ്രതിയാണെന്നും വിശ്വസിപ്പിച്ച് ആഗസ്തിൽമാത്രം രണ്ട് തട്ടിപ്പുകൾ ജില്ലയിൽ നടന്നു. ചിറ്റൂർ സ്വദേശിയായ യുവതിക്ക് ഒരുലക്ഷം രൂപ നഷ്ടമായി. പിന്നാലെ കൊടുവായൂർ സ്വദേശിക്ക് 11.16 ലക്ഷംരൂപയും നഷ്ടമായി.
ജില്ലയിൽ സൈബർ തട്ടിപ്പിനിരയാകുന്നവരിൽ വിദ്യാർഥികളുടെ എണ്ണവും കൂടുതലാണ്. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ സന്ദേശങ്ങൾ എത്തുന്നു. അപേക്ഷിക്കാത്ത ജോലി, അഭിമുഖം, പരിശീലന സാമഗ്രികൾ എന്നിവയ്ക്കായി മുൻകൂർ ഫീസും ആവശ്യപ്പെടും. വർക്ക് ഫ്രംഹോമിലൂടെ ഗണ്യമായ വരുമാനം വാഗ്ദാനം ചെയ്താണ് മറ്റൊരു തട്ടിപ്പ്. ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തിന് ഔദ്യോഗിക വെബ്സൈറ്റുപോലും ഉണ്ടാകില്ല. ഇതൊന്നും പരിശോധിക്കാതെ ചതിയിൽ അകപ്പെടുന്നവരാണ് ഏറെയും.
ഓൺലൈൻവഴി അസാധാരണമാംവിധം ഉയർന്ന ശമ്പളത്തോടെ ജോലി വാഗ്ദാനംലഭിച്ചാൽ ജാഗ്രത വേണം. വിശ്വസനീയമായ ജോബ് പോർട്ടലിലും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പരിശോധന നടത്തി ജോലിയുടെ ആധികാരികത ഉറപ്പാക്കണം. ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, പാസ്പോർട്ട് പകർപ്പുകൾ എന്നിവ പങ്കുവയ്ക്കരുത്. ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഇ മെയിലുകളിലും സന്ദേശങ്ങളിലുമുള്ള ലിങ്കുകളിൽ അമർത്തുന്നതും അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യുന്നതും പൂർണമായും ഒഴിവാക്കണം. 11.16 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് തട്ടിപ്പാണെന്ന് മനസ്സിലാക്കി ഉടൻ പരാതിപ്പെട്ടതിനാൽ ആറു ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിൽ തടഞ്ഞുവയ്ക്കാനായി.
ലോൺ ആപ്പിൽ കുടുങ്ങി ആത്മഹത്യയുടെ വക്കിലെത്തി മെഡിക്കൽ കോളേജിൽ അടുത്തിടെ കൗൺസലിങ്ങിന് എത്തിയവരും നിരവധിയാണ്. ജില്ലയിൽ 141 പേരാണ് ലോൺആപ്പിന്റെ തട്ടിപ്പിനിരയായത്. വിവിധ സൈബർ കേസുകളിൽ പരാതിപ്പെട്ടവർ 16,290 പേരാണ്. തട്ടിപ്പിനിരയായാൽ സൈബർ സെല്ലിന്റെ ടോൾ ഫ്രീ നമ്പരായ 1930, അല്ലെങ്കിൽ 9747001099 എന്ന നമ്പറിലോ വിളിക്കാം.