തിരുവനന്തപുരം> പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കേരളത്തിൽ കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ ഭരണത്തിൽ എൽഡിഎഫ് മുന്നിലെത്തി. 77 ബാങ്കുകളിൽ 39 എണ്ണത്തിന്റെ ഭരണമാണ് എൽഡിഎഫിന് ലഭിച്ചത്. 43 വർഷത്തിനുശേഷമാണ് പത്തനംതിട്ട കാർഷിക വികസനബാങ്ക് ഭരണം കോൺഗ്രസിന് നഷ്ടമാകുന്നത്. സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്കും കേന്ദ്ര സർക്കാരിനും അനുകൂല നിലപാട് സ്വീകരിക്കുന്നതിന് സഹകാരികൾ കോൺഗ്രസിന് നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം.
പത്തനംതിട്ട ബാങ്ക് തെരഞ്ഞെടുപ്പിനുമുമ്പ് എൽഡിഎഫിനും യുഡിഎഫിനും 38 വീതം ബാങ്കുകളിലായിരുന്നു ഭരണം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കാർഷിക ബാങ്കിൽ യുഡിഎഫ് അധികാരത്തിലേറിയിരുന്നു. അംഗീകാരമുള്ള 77 ബാങ്കുകളിൽ 39 എണ്ണവും എൽഡിഎഫിന് അനുകൂലമായതോടെ സംസ്ഥാന കാർഷിക വികസന ബാങ്ക് ഭരണം വീണ്ടും തുലാസിലായി. തെരഞ്ഞെടുപ്പുഫലത്തെ സംബന്ധിച്ചുൾപ്പെടെ നിരവധി പരാതിയും കേസുകളും വിവിധ കോടതികളിലും തർക്കപരിഹാര സെല്ലുകളിലും നിലനിൽക്കുകയാണ്.
സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിൽ അഫിലിയേഷനില്ലാതിരുന്ന കുന്നംകുളം പ്രാഥമിക ബാങ്കിന്റെ വോട്ടുകൂടി പരിഗണിച്ചാണ് യുഡിഎഫിന് ഭരണത്തിലേറാനായത്. തർക്കം കോടതിയിലെത്തി. ഭൂരിപക്ഷം ലഭിച്ചവർക്ക് താൽക്കാലികമായി സ്ഥാനമേറ്റെടുക്കാമെങ്കിലും അപ്പീലിൻമേലുള്ള ഡിവിഷൻ ബഞ്ചിന്റെ തീർപ്പിന് വിധേയമായിട്ടേ അന്തിമവിധിയുണ്ടാകൂവെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, യുഡിഎഫ് ഭരണസമിതി അധികാരത്തിലേറിയശേഷം കുന്നംകുളം ബാങ്കിന് അഫിലിയേഷൻ നൽകി ഒരുവോട്ടുകൂടി അവർക്ക് അനുകൂലമാക്കി മാറ്റി ഭരണം ഉറപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പത്തനംതിട്ടയിൽ തിരിച്ചടിയേറ്റത്.