മലപ്പുറം > ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണ ഗൂഢാലോചനക്കേസിലെ നാലാംപ്രതി മഞ്ചേരി പാണ്ടിക്കാട് സ്വദേശി കെ പി ബാസിത്തിനെ മലപ്പുറത്തെത്തിച്ച് തെളിവെടുത്തു. കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് പൊലീസ് മലപ്പുറത്തെയും മഞ്ചേരിയിലേയും ബാർ ഹോട്ടലുകളിൽ എത്തിച്ചാണ് തെളിവെടുത്തത്. ഇവിടങ്ങളിൽ ബാസിത്തും ഹരിദാസനും ലെനിൻരാജും എത്തിയിരുന്നതിന്റെ തെളിവുകൾ ശേഖരിച്ചു.
കന്റോൺമെന്റ് ഇൻസ്പെക്ടർ ബി എം ഷാഫിയുടെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെയാണ് ബാസിത്തിനെയുംകൊണ്ട് മലപ്പുറത്തേക്ക് തിരിച്ചത്. വൈകിട്ട് നാലോടെ മലപ്പുറത്ത് എത്തിച്ച് ദേശീയപാതയിലെ ബാറിൽ എത്തിച്ചു. റിപ്പോർട്ടർ ചാനലിൽ നിയമനത്തട്ടിപ്പ് ആരോപണവാർത്ത വന്ന സെപ്തംബർ 27ന് ഉച്ചയ്ക്കും രാത്രിയും ബാസിത്ത് ഇവിടെയുണ്ടായിരുന്നു. കൂടെ ഹരിദാസനും അഡ്വ. ലെനിൻരാജും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒറ്റയ്ക്കാണ് വന്നതെന്നാണ് ബാസിത്ത് പറഞ്ഞതെങ്കിലും ഹരിദാസനും കൂടെ മറ്റൊരാളും ഉച്ചയ്ക്ക് രണ്ടോടെ ഈ ബാറിൽ ഉണ്ടായിരുന്നു എന്ന വിവരം പൊലീസിന് ലഭ്യമായിട്ടുണ്ട്. രാത്രി ഒമ്പതരയോടെ വീണ്ടും എത്തി രാത്രി 11.30 കഴിഞ്ഞ് ജീവനക്കാർ നിർബന്ധപൂർവം ഇറക്കുകയായിരുന്നു. പ്രതിപക്ഷത്തെ ചില പ്രമുഖ നേതാക്കളുടെ ഓഫീസിലേക്ക് ഇവിടിരുന്ന് വിളിച്ചതായാണ് സൂചന. മാർച്ച് 10ന് രാത്രി 8.45 മുതൽ 10വരെയാണ് മഞ്ചേരിയിലെ ബാറിൽ ഉണ്ടായിരുന്നത്. ബാസിത്തിനു പുറമേ അഖിൽ സജീവ്, ലെനിൻരാജ്, റയിസ്, എന്നിവരും വേറെ ഒരാളുമായിരുന്നു ഒത്തുചേർന്നത്. ഇവിടെനിന്നും ആവശ്യമായ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഞായറാഴ്ചയും കന്റോൺമെന്റ് പൊലീസ് മലപ്പുറത്ത് തുടരും. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ബാസിത്തിനെ വ്യാഴാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡി. ഈ ദിവസത്തിനുള്ളിൽ കേസിൽ സുപ്രധാനവിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
മന്ത്രിയുടെ ഓഫീസിനെതിരെ വ്യാജ ആരോപണമുന്നയിച്ച അധ്യാപകൻ മലപ്പുറം സ്വദേശി ഹരിദാസൻ കുമ്മാളിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ബാസിത്ത്. തിരുവനന്തപുരത്ത് ‘മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് പണം നൽകാൻ’ എന്ന പേരിൽ ഹരിദാസനൊപ്പം പോയതും പിന്നീട് മന്ത്രിയുടെ ഓഫീസിൽ എത്തി ആദ്യം പരാതിപ്പെട്ടതും ഇയാളാണ്. ആരോപണം പൊളിഞ്ഞതോടെ മുങ്ങിയ ബാസിത്തിനെ ഒക്ടോബർ പത്തിനാണ് മഞ്ചേരിയിൽനിന്ന് കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്തത്.