കോഴിക്കോട്> വിഴിഞ്ഞം തുറമുഖം പത്തുവർഷം വൈകാൻ കാരണക്കാർ എ കെ ആന്റണിയും യുപിഎ സർക്കാരുമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചൈനീസ് കമ്പനിക്ക് ഓഹരിയുണ്ടെന്ന കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ വേളയിലായിരുന്നു ഇത്. യുപിഎ സർക്കാരിൽ അന്ന് പ്രതിരോധമന്ത്രി ആന്റണിയായിരുന്നുവെന്നത് മറക്കരുതെന്നും മന്ത്രി പറഞ്ഞു. കെ എസ് എഫ് ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇ കെ നായനാർ മുഖ്യമന്ത്രിയായ വേളയിലാണ് വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം എന്ന പദ്ധതി മുന്നോട്ടുവെക്കുന്നത്. 2006-ൽ വി എസ് അച്യുതാന്ദന്റെ ഭരണകാലത്ത് ടെണ്ടർ നടപടി ആരംഭിച്ച് ഭൂമി ഏറ്റെടുക്കലിലേക്ക് നീങ്ങിയതാണ്. അന്നന് കേന്ദ്രം അനുമതി തന്നിരുന്നെങ്കിൽ വിഴിഞ്ഞം പത്തു വർഷം വൈകില്ലായിരുന്നു. വിഴിഞ്ഞംകേരളത്തിന്റെ ചരിത്രത്തിൽ പുതുയുഗമാകുന്ന മാറ്റത്തിലേക്ക് നയിക്കും. തുറമുഖവുമായി ബന്ധപ്പെട്ട പ്രാദേശികമായ പ്രശ്നങ്ങളെല്ലാം മന്ത്രിതല ചർച്ചയിൽ പരിഹരിച്ചു.
കെഎസ്എഫ്ഇ യുടെ മൂലധനം വർധിപ്പിക്കും. നിലവിലുള്ളതിന്റെ ഇരിട്ടിയോ അധികമോ ആയി ഉയർത്തും. പ്രഫഷണലായും സാങ്കേതികമായും കാലികമായ മാറ്റം സ്ഥാപനത്തിൽ നടപ്പാക്കുമെന്നും പറഞ്ഞു. ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ കെ ബാലൻ അധ്യക്ഷനായി.