തിരുവനന്തപുരം
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി അഖിൽ സജീവിനെ മലപ്പുറത്തെത്തിച്ച് തെളിവെടുക്കും. കേസ് അട്ടിമറിക്കാൻ അഖിൽ സജീവ് ബാഹ്യ ഇടപെടൽ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അന്വേഷകസംഘം കോടതിയെ അറിയിച്ചു.
പൊലീസിന്റെ ആവശ്യം പരിഗണിച്ച തിരുവനന്തപുരം ജെഎഫ്സിഎം (3) കോടതി പ്രതിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ഡിജിറ്റൽ തെളിവ് ശേഖരിക്കേണ്ടതുണ്ട്. ശനിയാഴ്ചയോ ഞായറാഴ്ചയോ അഖിൽ സജീവിനെ തെളിവെടുപ്പിന് മലപ്പുറത്ത് എത്തിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. നിലമ്പൂർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന വിവരം പൊലീസിനുണ്ട്. നിലമ്പൂരിലെ അഭിഭാഷകനായ നൗഫലാണ് ആരോഗ്യമന്ത്രിയുടെ പിഎ പണം വാങ്ങിയെന്ന വ്യാജ ആരോപണം പരാതിയായി എഴുതി നൽകിയത്. കേസിൽ അറസ്റ്റിലായ ബാസിതിന്റെ നിർദേശപ്രകാരമാണിത്. തട്ടിപ്പുസംഘം ഗൂഢാലോചന നടത്തിയശേഷം മലപ്പുറത്തെ ചാനൽ റിപ്പോർട്ടറെ ഉപയോഗിച്ച് മാധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ ചാനൽ റിപ്പോർട്ടറിൽനിന്നും വിവരങ്ങൾ ശേഖരിക്കും. അറസ്റ്റിലായ ബാസിത്, റയീസ് എന്നിവർക്കും ഹരിദാസനുമൊപ്പമിരുത്തി ചോദ്യം ചെയ്യുന്നതോടെ ഏതെല്ലാം തലത്തിൽ ഗൂഢാലോചന നടന്നുവെന്നത് സംബന്ധിച്ച് കൃത്യമായ ചിത്രം തെളിയുമെന്ന് പൊലീസ് കരുതുന്നു.















