കൊച്ചി> വനിതാ കമീഷൻ നിയമത്തിൽ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് സർക്കാരിന് ശുപാർശ നൽകിയതായി അധ്യക്ഷ അഡ്വ. പി സതീദേവി. നിയമവിദഗ്ധരുമായി ഉൾപ്പെടെ ചർച്ചയ്ക്കുശേഷമാണ് ശുപാർശ നൽകിയത്. വനിതാ കമീഷൻ എറണാകുളം ജില്ലാ അദാലത്തിന്റെ രണ്ടാംദിവസം പരാതികൾ തീർപ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു അവർ. ജാഗ്രതാസമിതികൾക്ക് നിയമാനുസൃതപദവി നൽകണമെന്നതാണ് ശുപാർശകളിൽ പ്രധാനം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാർഡുതല ജാഗ്രതാസമിതികൾ കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം. ജില്ലയിൽ അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാണെന്ന് പരാതികൾ വ്യക്തമാക്കുന്നു. ജാഗ്രതാസമിതികൾക്ക് ഇത്തരം പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടാനാകും. മൂന്നുമാസത്തിലൊരിക്കൽ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ പരിധിയിലുള്ള ജാഗ്രതാസമിതികളുടെ പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫലപ്രദമായി പ്രവർത്തിക്കുന്ന ജാഗ്രതാസമിതികൾക്ക് 50,000 രൂപ പാരിതോഷികം നൽകും.
അൺ എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കോഴിക്കോട് പബ്ലിക് ഹിയറിങ് നടത്തും. എറണാകുളത്ത് കരാർ തൊഴിലാളികളുടെയും ആലപ്പുഴയിൽ മത്സ്യസംസ്കരണ യൂണിറ്റുകളിലെ സ്ത്രീകളുടെയും കോട്ടയത്ത് മാധ്യമരംഗത്തെ സ്ത്രീകളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കും. വനിതാ മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങളിൽ കേരള മീഡിയ അക്കാദമിയുമായി ചേർന്ന് പ്രത്യേകചർച്ച നടത്തിയിരുന്നു. അതിലെ ആശയങ്ങൾ ക്രോഡീകരിച്ച് മാധ്യമങ്ങൾക്ക് മാർഗരേഖ എന്ന പേരിൽ കൈപ്പുസ്തകം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്ന് കമീഷൻ അധ്യക്ഷ പറഞ്ഞു. രണ്ടാംദിവസം 58 പരാതികൾ പരിഗണിച്ചു. 14 കേസുകൾ തീർപ്പാക്കി. ആറു പരാതികളിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. 34 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. വനിതാ കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവർ കേസുകൾ പരിഗണിച്ചു.