ടെൽ അവീവ്> ഗാസയിലെയും ലെബനനിലെയും സൈനിക നടപടികളിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഗാസ സിറ്റി തുറമുഖത്തും ഇസ്രയേൽ- ലെബനൻ അതിർത്തിയിലെ രണ്ടു ഗ്രാമപ്രദേശങ്ങളിലും വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു. 10ന് ലെബനനിലെയും 11ന് ഗാസയിലെയും വീഡിയോകൾ പരിശോധിച്ചതിൽനിന്ന് ഇത് ഉറപ്പായെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.
ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ചില പരമ്പരാഗത ആയുധങ്ങളുടെ ഉപയോഗം നിരോധിക്കുന്നതിനുള്ള കൺവൻഷന്റെ പ്രോട്ടോകോൾ 3 പ്രകാരം വൈറ്റ് ഫോസ്ഫറസ് ഒരു ജ്വലന ആയുധമായാണ് കണക്കാക്കുന്നത്. ജനവാസമേഖലയിൽ തീപിടിത്തമുണ്ടാക്കുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നത് പ്രോട്ടോകോൾ നിരോധിക്കുന്നു. ഇത് ഇസ്രയേൽ ഒപ്പിട്ടിട്ടില്ല.