തിരുവനന്തപുരം> ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി അഖിൽ സജീവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസിന്റെ ആവശ്യം പരിഗണിച്ച തിരുവനന്തപുരം ജെഎഫ്സിഎം (3) കോടതി പ്രതിയെ അഞ്ച് ദിവസത്തെക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഇയാളെ മലപ്പുറത്തെത്തിച്ച് തെളിവെടുക്കും. കേസ് അട്ടിമറിക്കാൻ അഖിൽ സജീവ് ബാഹ്യ ഇടപെടലുകൾ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
സിഐടിയു ഓഫീസിലെ ഫണ്ട് തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ അഖിൽ സജീവിന്റെ ഫോർമൽ അറസ്റ്റ് കന്റോൺമെന്റ് പൊലീസ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രൊഡക്ഷൻ വാറണ്ട് നൽകിയത്. അഖിൽ സജീവിനെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ ഗൂഡാലോചന വെളിച്ചത്ത് കൊണ്ടുവരാനാകുമെന്നാണ് പൊലീസ് കരുതുന്നത്.