മനാമ > സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാനും ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസിയും ഫോണില് ചര്ച്ച നടത്തി. ഗാസയിലെയും പരിസര പ്രദേശങ്ങളിലെയും സൈനിക സംഘര്ഷം ഇരുവരും ചര്ച്ച ചെയ്തു.
സംഘര്ഷം വ്യാപക്കുന്നത് തടയാന് എല്ലാ അന്താരാഷ്ട്ര, പ്രാദേശിക പാര്ട്ടികളുമായും ആശയവിനിമയം നടത്താന് രാജ്യം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കിരീടാവകാശി ആവര്ത്തിച്ചു. സാധാരണക്കാരെ ലക്ഷ്യമിടുന്നതും നിരപരാധികളുടെ ജീവന് അപഹരിക്കുന്നതും സൗദി അപലപിച്ചു. പലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള് ഉറപ്പുനല്കുന്ന സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാന് ലക്ഷ്യമിട്ടുള്ള പലസ്തീനിയന് ലക്ഷ്യത്തെയും ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതില് രാജ്യത്തിന് ഉറച്ച നിലപാടാണുള്ളതെന്ന് കിരീടാവകാശി പറഞ്ഞു.
പലസ്തീനെതിരെയുള്ള യുദ്ധക്കുറ്റങ്ങള് അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റയ്സിയും സൗദി കിരീടാവകാശിയും ചര്ച്ച ചെയ്തതായി ഇറാനിയന് ഔദ്യോഗിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ചൈനയുടെ മധ്യസ്ഥതയില് സൗദിയും ഇറാനും നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന് ധാരണയായ ശേഷം ആദ്യമായാണ് ഇരു നേതാക്കാളും ഫോണില് സംസാരിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണുമായും ഗാസയിലെ സ്ഥിതിഗതികള് കിരിടീവകാശി ചര്ച്ച ചെയ്തതായി സൗദി പ്രസ് ഏജന്സി വ്യാഴാഴ്ച അറിയിച്ചു. നിരപരാധികളുടെ ജീവന് അപഹരിക്കുന്ന സൈനിക പ്രവര്ത്തനങ്ങള് അവസാനിപ്പിക്കുന്നതിനുള്ള വഴികള് ചര്ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത മുഹമ്മദ് ബിന് സല്മാന് വ്യക്തമാക്കി.