കൊച്ചി
സമൂഹമാധ്യമങ്ങളിലും അഭിഭാഷകർക്കിടയിലും നല്ല ജഡ്ജിയെന്ന് പേര് കേൾപ്പിക്കാനുള്ള വിധികളല്ല ജഡ്ജിമാരിൽനിന്ന് ഉണ്ടാകേണ്ടതെന്നും നീതിയുക്തമായ വിധികളാണ് വേണ്ടതെന്നും ഒറീസ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഡോ. എസ് മുരളീധർ പറഞ്ഞു. സുപ്രീംകോടതിയിലടക്കം ജഡ്ജിമാരെ നിയമിക്കുന്ന രീതിയിൽ സുതാര്യത ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് ട്രെയിനിങ് ‘സ്വതന്ത്ര നീതിന്യായവ്യവസ്ഥ’ വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജിമാരെ ശുപാർശ ചെയ്യുന്നതിൽ കൊളീജിയത്തിൽ ഏകാഭിപ്രായം ഉണ്ടാകണമെന്നില്ല. എന്നാൽ, സർക്കാർ അംഗീകരിക്കാത്ത ശുപാർശയിൽ പിന്നീട് വിശദീകരണം ഉണ്ടാകുന്നില്ല. ഇതിന് മാറ്റംവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഭരണത്തിലെത്തുന്ന സർക്കാരിന് മറ്റ് സംവിധാനങ്ങളെ നിയന്ത്രിക്കാൻ പ്രവണതയുണ്ടാകും. അത് മുൻകൂട്ടി മനസ്സിലാക്കേണ്ടത് നീതിന്യായ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണ്. ഇത്തരം സാഹചര്യങ്ങളിൽ ദുർബലരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ജുഡീഷ്യറിക്ക് ഉത്തരവാദിത്വമുണ്ട്. ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്ര നീതിന്യായവ്യവസ്ഥയ്ക്കുള്ള പങ്ക് പരമപ്രധാനമാണ്.
ജഡ്ജിമാരുടെ വാക്കാൽ പരാമർശങ്ങൾ വിവാദമാകുന്ന സ്ഥിതിയുണ്ട്. അത്തരം പ്രവണതകളിൽനിന്ന് ന്യായാധിപന്മാർ ഒഴിഞ്ഞുനിൽക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. അഡീഷണൽ അഡ്വക്കറ്റ് ജനറൽ അശോക് എം ചെറിയാൻ സ്വാഗതവും അഡ്വ. സി ഇ ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.
മനുഷ്യപ്പറ്റുള്ള ന്യായാധിപൻ
മനുഷ്യപ്പറ്റുള്ള കോടതിവിധിക്കൊപ്പമാണ് ജസ്റ്റിസ് എസ് മുരളീധറിന്റെ പേര്. ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ സാധാരണക്കാരന്റെ കണ്ണീരൊപ്പുന്ന കോടതിവിധികൾക്കായി അദ്ദേഹം ഇടപെട്ടു. 1984ൽ ചെന്നൈ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച എസ് മുരളീധർ 2006ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി. പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ 2020ൽ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം അധ്യക്ഷനായ ഡൽഹി ഹൈക്കോടതിവിധി ഏറെ ശ്രദ്ധനേടി. സംഘർഷത്തെക്കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഹർജ് മന്ദർ മേത്ത നൽകിയ ഹർജിയിൽ രാത്രി 12.30ന് ജസ്റ്റിസ് എസ് മുരളീധർ സ്വവസതിയിൽ വാദം കേട്ടു. പരിക്കേറ്റവരെ ജിടിബി ആശുപത്രിയിലേക്ക് മാറ്റാൻ കോടതി പൊലീസിന് കർശനനിർദേശം നൽകി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി നേതാക്കളായ പർവേശ് വർമ, കപിൽ മിശ്ര അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടതോടെ കേന്ദ്രസർക്കാരിന് അനഭിമതനായി. മുരളീധറിനെ പഞ്ചാബ്–-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി കേന്ദ്രസർക്കാർ അർധരാത്രി ഉത്തരവിട്ടു. ജോലിയിൽചേരാനുള്ള തീയതിപോലും ചേർക്കാതെയായിരുന്നു സ്ഥലംമാറ്റ ഉത്തരവ്. 2021ൽ ഒറീസ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു.