എലിക്കുളം
മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജങ്ഷനിൽ റബർപാൽ കയറ്റിവന്ന ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അമോണിയം കലർന്ന റബർപാൽ തോട്ടിൽ ഒഴുകിപ്പരന്നു. ബുധൻ രാത്രി 10.15 ഓടെയാണ് അപകടം.
തമ്പലക്കാട് ആർകെ റബേഴ്സിൽനിന്ന് റബർപാൽ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അമോണിയം കലർന്ന റബർപാൽ തോട്ടിലൂടെ ഒഴുകിയതോടെ മീനുകൾ ചത്തു. ഡ്രൈവർ കോഴിക്കോട് നടുവന്നൂർ നേട്ടക്കോട്ട് കെ കെ അഷറഫിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമ്പലക്കാട് ലാറ്റക്സ് കമ്പനിയിൽനിന്ന് കോഴിക്കോട്ടെ നിലമ്പൂർ റബർ കമ്പനിയിലേക്ക് പോയ ലോറിയിൽ 15,000 ലിറ്റർ മിശ്രിതമുണ്ടായിരുന്നു.
അപകടംനടന്ന് അൽപസമയത്തിനകം വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകൾ സമീപത്തുള്ളതിനാൽ സാധിച്ചില്ല. പിന്നീട് വൈദ്യുതി ലൈനുകൾ നീക്കം ചെയ്തശേഷം നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തി റോഡിലെത്തിച്ചു. നാല് പഞ്ചായത്തുകളിലായി 15 കുടിവെള്ളപദ്ധതികളിലെ പമ്പിങ്ങ് നിർത്തി. മീനച്ചിലാറും മലിനമായി.