കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലുള്ളവർക്ക് പൊതുസമൂഹവുമായി കൂടുതൽ ഇടപഴകാനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനുമായി കോൺക്രീറ്റ് റോഡിന്റെ നിർമാണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 106 ചതുരശ്ര കിലോമീറ്റർ വനത്തിനുള്ളിൽ 24 കുടികളിലായി മുതുവാൻ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. പെട്ടിമുടി മുതൽ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റർ ദൂരം വനത്തിലൂടെയാണ് റോഡ് നിർമിക്കുന്നത്.
ഇടമലക്കുടിയിൽ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വാർത്താ വിനിമയ സൗകര്യം തുടങ്ങിയവ ഉറപ്പാക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പട്ടിക വർഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ച് ബിഎസ്എൻഎൽ ഫോർ ജി (4 എ) ടവർ ഇവിടെ നിർമാണം പൂർത്തിയാക്കി. മൂന്നാറിൽനിന്ന് 40 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കിയത്. ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതും പ്രധാന നേട്ടമാണ്. ഈ വിദ്യാഭ്യാസ വർഷം ഇടമലക്കുടി ട്രൈബൽ എൽപി സ്കൂൾ യുപിയായി ഉയർത്തി. കൊച്ചിൻ റിഫൈനറിയുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണവും അന്തിമ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.