ആലുവ
ജീവൻ ഉന്നമിട്ട് മിസൈലുകൾ…. ചിലത് ആകാശത്തുതന്നെ തകർക്കപ്പെടുന്നു. ഇടക്കിടെ നെഞ്ചിടിപ്പേറ്റുന്ന സുരക്ഷാ സൈറണുകൾ… ‘യുദ്ധം’ നേരിട്ടറിഞ്ഞതിന്റെ നടുക്കം നാട്ടിലെത്തിയിട്ടും വിട്ടുമാറിയിട്ടില്ല ആലുവ കുട്ടമശേരിയിലെ സി എം മൗലവിക്ക്. മൗലവിയടങ്ങുന്ന 45 അംഗ സംഘം രണ്ട് യുദ്ധദിനങ്ങളാണ് ഇസ്രയേലിൽ അതീജീവിച്ചത്. അവിടെനിന്ന് രക്ഷപ്പെട്ട് ഈജിപ്തിലെത്തിയ സംഘം വ്യാഴം പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി.
‘രണ്ടുദിവസമുണ്ടായിരുന്നു ഇസ്രയേലിൽ. ഭാര്യ സുബൈദയും ഒപ്പമുണ്ടായി. ഈജിപ്തിലേക്ക് പോകാനിരിക്കെയാണ് പ്രശ്നങ്ങൾ ഉണ്ടായതായി കേട്ടത്. പിന്നാലെ താബാ അതിർത്തിവഴി ഈജിപ്തിലേക്കുള്ള യാത്രയ്ക്ക് വിലക്കുവന്നു. തിരികെ ഹോട്ടലിലേക്ക്, ഉറങ്ങാനായില്ല. മിസൈലുകൾ നേരിൽക്കണ്ടു. ചിലത് ആകാശത്തുവച്ച് തകർക്കപ്പെടുന്നു. ചിലത് താഴേക്ക് പതിക്കുന്നു. വലിയ ശബ്ദത്തിൽ സൈറൺ മുഴങ്ങിക്കൊണ്ടിരുന്നു’–- മൗലവി പറഞ്ഞു.
ഹോട്ടലിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഇ–-മെയിൽ അയച്ച് 15 മിനിറ്റിനകം ഓഫീസിൽനിന്ന് മറുപടി ലഭിച്ചു. നോർക്കയുമായി ബന്ധപ്പെട്ട് അദ്ദേഹം സഹായങ്ങൾ നൽകി. മന്ത്രി പി രാജീവ് മൂന്നുവട്ടം ഓൺലൈനിൽ ബന്ധപ്പെട്ടു. പിന്നീട് ഗാസയ്ക്കുസമീപമുള്ള അതിർത്തി റോഡുവഴി ഈജിപ്തിലേക്ക് തിരിച്ചു. ഈ സമയവും ആകാശത്തിലൂടെ മിസൈൽ പോകുന്നത് ബസിലിരുന്ന് കാണാമായിരുന്നു. വാഹനത്തിനുമേൽ മിസൈൽ പതിക്കുമോയെന്ന പേടിയുണ്ടായിരുന്നു.
എല്ലാം കടന്ന് സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തിയെങ്കിലും പലസ്തീനിലെയും ഇസ്രയേലിലെയും സാധാരണക്കാരെ ഓർക്കുമ്പോൾ സങ്കടമുണ്ടെന്ന് മൗലവി പറയുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇത് ഏഴാംതവണയാണ് സി എം മൗലവി പശ്ചിമേഷ്യയിലെ തീർഥാടനകേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നത്.
45 പേരടങ്ങുന്ന സംഘമാണ് ഇക്കുറിയുണ്ടായത്. അതിൽ 39 പേരാണ് തിരിച്ചെത്തിയത്. ശേഷിക്കുന്നവർ 19ന് എത്തും. ആലുവ കുട്ടമശേരി സ്വദേശിയാണ് മൗലവി.