തിരുവനന്തപുരം > ഗ്ലോബലിക്സ് (ഗ്ലോബൽ നെറ്റ്വർക്ക് ഫോർ ഇക്കണോമിക്സ് ഓഫ് ലേർണിങ് ഇന്നൊവേഷൻ ആൻഡ് കോംപീറ്റൻസ് ബിൽഡിങ് സിസ്റ്റം) ഇരുപതാം അന്താരാഷ്ട്ര സമ്മേളനത്തിന് തലസ്ഥാനത്ത് തുടക്കം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. 2026 ഓടെ 20 ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കാനാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ നവീകരണത്തിലൂടെ കേരളത്തെ വികസിത സമ്പദ്വ്യവസ്ഥകൾക്ക് ഒപ്പമെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി രാജ്യത്താദ്യമായി ആർ ആൻഡ് ഡി ബജറ്റ് അവതരിപ്പിച്ചത് കേരളമാണെന്നും വരുംവർഷങ്ങളിലും ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബലിക്സ് പ്രസിഡന്റ് എറീക്ക ക്രെയ്മർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ആർഐഎസ് ഡയറക്ടർ സച്ചിൻ ചതുർവേദി, ഐഐഎം ബംഗളൂരു ഡയറക്ടർ ഋഷികേശ് ടി കൃഷ്ണൻ, ഗിഫ്റ്റ് ഡയറക്ടറും ഗ്ലോബലിക്സ് സെക്രട്ടറി ജനറലുമായ കെ ജെ ജോസഫ്, കിരൺ കുമാർ കക്കർലാപുടി എന്നിവർ സംസാരിച്ചു.
ആദ്യ സെഷനിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർക്കുപുറമെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും സംസാരിച്ചു. 14 വരെ തുടരുന്ന സമ്മേളനത്തിൽ അമ്പതിലധികം രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. ഗിഫ്റ്റ്, ആർഐഎസ്, കെ ഡിസ്ക്, കേരള ഡിജിറ്റൽ സർവകലാശാല എന്നിവ ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ടാം തവണയാണ് കേരളം ഗ്ലോബലിക്സ് സമ്മേളനത്തിന് വേദിയാകുന്നത്.
ലക്ഷ്യം വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ജോലി: മുഖ്യമന്ത്രി
തിരുവനന്തപുരം > വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ ഉചിതമായ ജോലി ലഭ്യമാക്കാനുള്ള പ്രയത്നത്തിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉൽപ്പാദനമേഖല കൂടുതൽ ശക്തമാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വരുമാനം നേടാനുള്ള അവസരങ്ങൾ ഉണ്ടാക്കുക തുടങ്ങിയ വെല്ലുവിളികൾ കേരളം നേരിടുന്നുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, വിജ്ഞാനം തുടങ്ങിയ മാർഗങ്ങളാണ് ഇതിനെ മറികടക്കാനുള്ള പോംവഴി. ഗ്ലോബലിക്സ് (ഗ്ലോബൽ നെറ്റ്വർക്ക് ഫോർ ഇക്കണോമിക്സ് ഓഫ് ലേണിങ് ഇന്നവേഷൻ ആൻഡ് കോംപീറ്റൻസ് ബിൽഡിങ് സിസ്റ്റം) ഇരുപതാം രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപതാമത് ഗ്ലോബലിക്സ് അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഗ്ലോബലിക്സ് പ്രസിഡന്റ് എറീക്കാ ക്രാമർ സ്വീകരിക്കുന്നു. മന്ത്രി കെ എൻ ബാലഗോപാൽ, ഗിഫ്ട് ഡയറക്ടർ പ്രൊഫ. കെ ജെ ജോസഫ് എന്നിവർ സമീപം
വിദ്യാധനം സർവധനാൽ പ്രധാനം എന്ന ചൊല്ലുതന്നെ മലയാളത്തിലുണ്ട്. ലോകത്തിന് മാതൃകയാകുന്ന വൈജ്ഞാനിക സമ്പദ്വ്യസ്ഥയിലേക്കുള്ള പരിവർത്തനത്തിലാണ് കേരളം. അന്താരാഷ്ട്ര അംഗീകാരം നേടിയ സംസ്ഥാനത്തിന്റെ വികസന മാതൃക ഒട്ടേറെ മേഖലകളിൽ കേരളത്തെ മുന്നോട്ടുനയിച്ചിട്ടുണ്ട്. അത്തരം നേട്ടങ്ങൾ നിലനിർത്തി വികസിത നിലവാരത്തിലുള്ള സമ്പദ്ഘടനയായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.
കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള കേരളത്തിന്റെ മാനവവികസനം വികസിത രാജ്യങ്ങളുടേതിന് തുല്യമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ലോകനിലവാരത്തിനൊപ്പമാണ് കേരളം. മാനവവികസന സൂചികകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിലാണ്.
ഇന്റർനെറ്റ് സേവന മേഖലയിലെ അസമത്വം പരിഹരിക്കാൻ കെ ഫോൺ പദ്ധതി ഇതിനകം പ്രാവർത്തികമാക്കി. ഡിജിറ്റൽ മേഖലയുടെ കുത്തകവൽക്കരണത്തിൽ സംസ്ഥാനത്തിന് ആശങ്കയുണ്ട്. അതുകൊണ്ടാണ് കെ -ഫോൺപ്പോലുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി.