തിരുവനന്തപുരം > വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ സർക്കാർ നടത്തുന്ന ശ്രമം അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള മറ്റൊരു കൈകടത്തലാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി
2010 ഒക്ടോബർ 28ന് ഡെൽഹിയിലെ എൽടിജി ഓഡിറ്റോറിയത്തിൽ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായുള്ള സമിതി നടത്തിയ ഒരു യോഗത്തിൽ നടത്തിയ പ്രസംഗത്തിൻറെ പേരിലാണ് അരുന്ധതി റോയിയെയും കാശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ക്ക് ഷൌക്കത്ത് ഹുസൈനെയും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി എന്ന പേരിൽ വിചാരണ ചെയ്യാൻ ഡെൽഹി ലെഫ്റ്റനൻറ് ഗവർണർ വി കെ സക്സേന അനുമതി നല്കിയിരിക്കുന്നത്.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കൽ, പൊതുശല്യം ഉണ്ടാക്കൽ എന്നിവയെക്കുറിച്ചുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും യുഎപിഎ പ്രകാരമുള്ള വകുപ്പുകളും ചേർത്താണ് കേസെടുക്കുക. ഈ കേസിലെ മറ്റു പ്രതികളായിരുന്ന കാശ്മീർ വിഘടനവാദി നേതാവായ സെയ്ദ് അലി ഷാ ഗീലാനിയും ഡെൽഹി സർവകലാശാല ലെക്ചററായിരുന്ന സെയ്ദ് അബ്ദുൾ റഹ്മാൻ ഗീലാനിയും ഇന്ന് ജീവിച്ചിരിപ്പില്ല. ഈ പ്രസംഗം കുപ്രസിദ്ധമായ രാജ്യദ്രോഹച്ചട്ടപ്രകാരമുള്ള (124 എ) കേസിന് വകയുള്ളതാണെങ്കിലും ഈ വകുപ്പുപ്രകാരം കേസെടുക്കുന്നത് 2022 ൽ സുപ്രീംകോടതി വിലക്കിയിരിക്കുന്നതിനാൽ അത് ചാർത്തേണ്ടതില്ല എന്നാണ് ഗവർണർ സക്സേന തീരുമാനിച്ചത്.
ഒരു വ്യാഴവട്ടം മുമ്പുണ്ടായ സംഭവത്തിൻറെ പേരിൽ ഇപ്പോൾ പെട്ടെന്ന് വിചാരണാനുമതി നല്കുന്നത് അർത്ഥഗർഭമാണ്. മോദി സർക്കാരിൻറെ അർദ്ധ ഫാഷിസ്റ്റ് നടപടികളുടെ അതിനിശിതവിമർശകയാണ് അരുന്ധതി റോയി. ഒരു മാസം മുമ്പ്, സെപ്തംബർ 12ന് യൂറോപ്യൻ എസ്സേ അവാർഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ , ‘ഇന്ത്യയിലെ ജനാധിപത്യത്തിൻറെ നാശം ലോകത്തെയാകെ ബാധിക്കും’ എന്ന പ്രസംഗം മോദി ഭക്തരെ വിറളി പിടിപ്പിച്ചിരിക്കും എന്നതുറപ്പാണ്. അത്രയേറെ ഭയരഹിതവും ശക്തമായ വാദങ്ങൾ നിറഞ്ഞതുമായിരുന്നു മനോഹരമായ ആ പ്രസംഗം. നമ്മളെല്ലാം നാത്സികളായി മാറിയിരിക്കുന്നു എന്നാണ് ആ പ്രസംഗത്തിൽ അരുന്ധതി പറഞ്ഞത്.
മോദി സർക്കാരിനോട് പറയാനുള്ളത് ഒന്നു മാത്രമാണ്, എല്ലാ എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരെയും നിങ്ങൾക്ക് എന്നും ഭയപ്പെടുത്തിയോ പ്രീണിപ്പിച്ചോ നിറുത്താം എന്നു കരുതരുതെന്നും എം എ ബേബി പറഞ്ഞു.