കരിപ്പൂർ
വിമാനത്താവള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള സിഐഎസ്എഫ് അസി. കമാൻഡന്റ് നവീൻ താമസിക്കുന്നിടത്ത് പൊലീസ് പരിശോധന നടത്തി. അന്വേഷണച്ചുമതലയുള്ള കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കുളത്തൂർ തലേക്കരയിലുള്ള വാടകവീട്ടിലായിരുന്നു പരിശോധന. സ്വർണക്കടത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് പിടിയിലായവരിൽനിന്ന് പൊലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു. കൂടുതൽ തെളിവു ശേഖരിക്കുകയായിരുന്നു ലക്ഷ്യം. കള്ളക്കടത്ത് സംഘങ്ങളിൽനിന്ന് പണം കൈപ്പറ്റിയതിന്റെ ചില അക്കൗണ്ട് വിവരങ്ങൾ ലഭ്യമായതായാണ് സൂചന. കൂടുതൽ ചോദ്യംചെയ്യാൻ നവീനെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സിഐഎസ്എഫ് ദക്ഷിണ മേഖലാ ആസ്ഥാനത്തുനിന്നുള്ള അനുമതി ലഭ്യമായാൽ മാത്രമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയൂ. കള്ളക്കടത്തിൽ ഉൾപ്പെട്ട രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പൊലീസ് ഇയാളിൽനിന്ന് തേടുന്നത്.
ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് അന്വേഷണപുരോഗതി വിലയിരുത്തി. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായാണ് സംശയിക്കുന്നത്. നവീനെതിരെ കസ്റ്റംസും സിഐഎസ്എഫും വകുപ്പുതല അന്വേഷണം തുടങ്ങി.