തിരുവനന്തപുരം
എസ്ഐയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി നിയമിച്ചു. 2016ൽ മലപ്പുറം തേഞ്ഞിപ്പലം സ്റ്റേഷനിലെ എസ്ഐയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സജു അമർദാസിനെയാണ് കെപിസിസി നേതൃത്വം കുറവൻകോണം മണ്ഡലം പ്രസിഡന്റാക്കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡിസിസി പ്രസിഡന്റ് പാലോട് രവിയുമായുള്ള അടുപ്പമാണ് നിയമനത്തിന് കാരണം.
തിരൂരങ്ങാടി സ്വദേശിയായ പ്രവാസി വ്യവസായിയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സജു നേതൃത്വംനൽകിയ ക്വട്ടേഷൻ സംഘം മലപ്പുറത്തെത്തിയത്. വാഹനപരിശോധനയ്ക്കിടെയാണ് തേഞ്ഞിപ്പലം എസ്ഐയായിരുന്ന അഭിലാഷിനെ സജുവടക്കമുള്ള സംഘം തട്ടിക്കൊണ്ടുപോയത്. കേസിൽ സജു അറസ്റ്റിലായിരുന്നു. സജു അടക്കമുള്ളവർക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു. ദുബായിലെ വ്യവസായികൾ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ് സംഘം മലപ്പുറത്തെത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളെ പ്രസിഡന്റാക്കിയതിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ സജുവിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു.